ആലപ്പുഴ തകഴിയിൽ മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുലിമുഖം ഫെറിക്ക് സമീപം വെച്ച് പൊലീസിനെ കണ്ട് വെള്ളത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മോജിത്ത് മോഹനനെ അതിസാഹസികമായാണ് പിടികൂടിയത്.

ആലപ്പുഴ: അയൽവാസിയെ വീടു കയറി മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അതിസാഹസികമായി പിടികൂടി. തകഴി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ മോജിത്ത് മോഹനനാണ് (40) പിടിയിലായത്. അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ വിഷ്ണുകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പുലിമുഖം ഫെറിയുടെ സമീപത്തുവെച്ച് പൊലീസിനെ കണ്ട് വെള്ളത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അന്വേഷണസംഘം അതിസാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

ഈ മാസം 11-ന് രാത്രി പതിനൊന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുൻവൈരാഗ്യം മൂലം അയൽവാസിയായ രതീഷിന്റെ (45) വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ആക്രമണം അഴിച്ചു വിടുകയായിരുന്നു. കത്തികൊണ്ട് രതീഷിന്‍റെ തലയിൽ കുത്തുകയും കൈയിലും തോളിലും വെട്ടുകയും ചെയ്തു. രതീഷിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി കടന്നു കളഞ്ഞു. ഗുരുതരമായി പരിക്കേറ്റ രതീഷിനെ നാട്ടുകാരാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രതീഷിന്റെ പരാതിയിലാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അമ്പലപ്പുഴ പൊലീസ് സബ് ഇൻസ്പെക്ടർമാരായ ജയേഷ് ചന്ദ്രൻ, അഭയ് ചന്ദ്, രഞ്ജിത്, എ എസ് ഐ അബ്ദുൾ സലിം, സി പി ഒ അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ മോജിത്ത് ഇതിനു മുൻപും വിവിധ അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.