ട്രാൻസ്ജെന്‍ററായ കിളിമാനൂർ കാനാറ സ്വദേശി ഇന്ദിരയാണ് 2023ൽ  വീട് നിർമാണത്തിനായി  ഒരു ലോഡ് കരിങ്കല്ലും 150 ബ്രിക്സും 100 ചുടുകല്ലും ഇറക്കിവച്ചത്.

തിരുവനന്തപുരം: വീട് നിർമ്മിക്കുന്നതിനായി ട്രാൻസ്ജെന്‍റർ ഇറക്കിവെച്ച നിർമാണ സാമഗ്രികകൾ അയൽവാസികൾ കടത്തികൊണ്ടുപോയിട്ടും കേസെടുക്കാൻ വിസമ്മതിച്ച പൊലീസ് നടപടി നിയമവാഴ്ചയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പൊലീസിനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിനായി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പരാതിക്കാരിക്ക് നിർദ്ദേശം നൽകി. ട്രാൻസ്ജെന്‍ററായ കിളിമാനൂർ കാനാറ സ്വദേശി ഇന്ദിരയാണ് 2023ൽ വീട് നിർമാണത്തിനായി ഒരു ലോഡ് കരിങ്കല്ലും 150 ബ്രിക്സും 100 ചുടുകല്ലും ഇറക്കിവച്ചത്. 

എന്നാൽ ഇത് അയൽവാസികൾ കടത്തിക്കൊണ്ട് പോയെന്നാണ് പരാതി. വിഷയം ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചിട്ടും കിളിമാനൂർ പൊലീസ് കേസെടുത്തില്ല. പിന്നാലെ മനുഷ്യാവകാശ കമ്മീഷനിൽ ഇന്ദിര എത്തിയതോടെ കമ്മീഷൻ ഇടപെട്ട് പൊലീസിനോട് കേസെടുക്കാൻ നിർദേശം നൽകിയിട്ടും പൊലീസ് കേസെടുത്തില്ല. ഇതോടെയാണ് പൊലീസിനെതിരെ കേസെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നൽകിയിരിക്കുന്നത്. ആരും സഹായിക്കാനില്ലാത്ത സാമ്പത്തികവും സാമൂഹികവുമായി പ്രയാസപ്പെടുന്ന ഇന്ദിരയ്ക്ക് സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി നിയമസഹായം നൽകണമെന്നും കമ്മീഷൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിയായ സബ് ജഡ്ജിന് നിർദ്ദേശം നൽകി. 

ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് വേണ്ടി ഹാജരായ കിളിമാനൂർ എസ്എച്ച്ഒയെ കമ്മീഷൻ നേരിൽ കേട്ടു. പരാതിക്കാരിയുടെ കരിങ്കല്ലോ മറ്റ് സാധനങ്ങളോ കടത്തികൊണ്ടു പോയതായി അന്വേഷണത്തിൽ തെളിഞ്ഞില്ലെന്നും ആരോപണത്തിന് കാരണമായ വഴിതർക്കം സിവിൽ കോടതി വഴി പരിഹരിക്കേണ്ട വിഷയമാണെന്നുമാണ് കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ കമ്മീഷനെ അറിയിച്ചത്. എന്നാൽ ഡിവൈഎസ്പി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ 2023 മേയ് 27ന് പരാതികക്ഷി ഇറക്കിയ സാധനസാമഗ്രികൾ അയൽവാസികൾ ലോറിയിൽ കടത്തികൊണ്ടു പോയതായി സാക്ഷിമൊഴിയുള്ളതിനാൽ പരാതിയിൽ കഴമ്പുണ്ടെന്നും ശരിയായ അന്വേഷണം നടക്കേണ്ടതായിരുന്നുവെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 

എന്നാൽ വിപരീതമൊഴികൾ മാത്രം കണക്കിലെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതായി കമ്മീഷൻ കണ്ടെത്തി. ഭരണഘടനയുടെ 14-ാം അനുച്ഛേദം പ്രകാരം എല്ലാ വ്യക്തികൾക്കും ലഭിക്കുന്ന എല്ലാ അവകാശങ്ങൾക്കും ട്രാൻസ്ജെന്‍റർമാർക്കും അർഹതയുള്ളതായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. അങ്ങനെയുള്ള ഒരാളുടെ പരാതി അനന്തമായി നീട്ടികൊണ്ടുപോകുന്നത് ലതാകുമാരിയും സ്റ്റേറ്റ് ഓഫ് യുപിയും തമ്മിലുള്ള കേസിലെ വിധി ചേർത്ത് വായിക്കുമ്പോൾ തീർത്തും തെറ്റാണ്. ഇത് പൊലീസ് സംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു.കുറ്റകരമായ പ്രവൃത്തി ഉൾപ്പെടുന്ന കേസുകളിൽ പോലീസ് കേസെടുക്കാതിരുന്നാൽ ഭാരതീയ ന്യായ സംഹിത വകുപ്പ് 175 (3) പ്രകാരം പരാതിക്കാരിക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.

24 ലക്ഷം ടിക്കറ്റിൽ 19 ലക്ഷത്തോളം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞു; ബമ്പർ കുതിപ്പിൽ സമ്മർ ബമ്പർ ലോട്ടറി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം