കല്‍പ്പറ്റ: വീട്ടുജോലിക്കാരിയുടെ പേരില്‍ വ്യാജ അപേക്ഷകള്‍ നല്‍കി ആനുകൂല്യങ്ങള്‍ തട്ടിയ സംഭവത്തില്‍ അസി. കൃഷി ഓഫീസര്‍ക്കെതിരെ നടപടി. നെന്മേനി കൃഷിഭവനിലെ അസി. കൃഷി ഓഫീസര്‍ എം. കൃഷ്ണജയെ ആണ് വകുപ്പുതല അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജിമോന്‍ കെ. വര്‍ഗീസ് ഉത്തരവിട്ടത്. 

കൃഷ്ണജ, അകന്ന ബന്ധുവും വീട്ടുജോലിക്കാരിയുമായ സുനിതയെ ബിനാമിയാക്കി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സുനിതയുടെ പേരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊളഗപ്പാറ ശാഖയിലെ അക്കൗണ്ടിലേക്കാണ് കൃഷിവകുപ്പില്‍നിന്നുള്ള സഹായധനങ്ങള്‍ കൈമാറിയിട്ടുള്ളത്. ഈ ബാങ്ക് അക്കൗണ്ടിന്റെ നോമിനി കൃഷ്ണജയാണ്. ഇതുകൂടാതെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ ബത്തേരി ശാഖയിലേക്കും ആനുകൂല്യങ്ങള്‍ കൈമാറിയിട്ടുണ്ട്. 2018 ഓഗസ്റ്റിലാണ് കൃഷ്ണജ നെന്മേനി കൃഷിഭവനില്‍ അസി. കൃഷി ഓഫീസറായെത്തിയത്. 

നെല്‍ക്കൃഷി പ്രോത്സാഹനം, നാളികേര വികസനം, കുരുമുളക് തൈ സബ്സിഡി തുടങ്ങിയ പദ്ധതികളിലാണ് വ്യാജ അപേക്ഷകള്‍ നല്‍കി സഹായം കൈപ്പറ്റിയത്. സുനിതയുടെ പേരില്‍ വിവിധ വിലാസങ്ങളിലാണ് അപേക്ഷകള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ നല്‍കിയിരുന്ന ബാങ്ക് അക്കൗണ്ട് നമ്പര്‍ ഒന്നുതന്നെയായിരുന്നു. കുരുമുളക് തോട്ടങ്ങള്‍ക്കുള്ള സഹായധനം പദ്ധതിയിലേക്ക് ഏപ്രില്‍ മാസത്തില്‍ ലഭിച്ച അപേക്ഷകളില്‍ സുനിതയുടെ പേര് കണ്ട് സംശയം തോന്നിയ കൃഷി ഓഫീസര്‍ അനുപമ കൃഷ്ണന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. 

നെന്മേനിയില്‍ സുനിതക്ക് കൃഷിഭൂമിയില്ലെന്നും ഇവര്‍ പാട്ടക്കൃഷി നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലും തട്ടിപ്പ് ബോധ്യപ്പെട്ടു. വിഷയം കൃഷിവകുപ്പ് ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു. അതേ സമയം അപേക്ഷകളിലെ വിലാസങ്ങളെല്ലാം വ്യാജമാണെന്നും ഒരാളുടെ പേരില്‍ തുടര്‍ച്ചയായി വിവിധ പദ്ധതികളില്‍ അപേക്ഷ ലഭിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പഴയ ഫയലുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെട്ടതെന്നും നല്‍കിയ വിലാസത്തിലൊന്നും ഇവര്‍ കൃഷിചെയ്യുന്നില്ലെന്നും കണ്ടെത്തിയതായി നെന്മേനി കൃഷി ഓഫീസര്‍ അനുപമ കൃഷ്ണന്‍ പറഞ്ഞു. 

Read more: കൊവിഡ് രോഗിയുമായി സമ്പർക്ക് പുലർത്തിയവർ കണ്ട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആലപ്പുഴ കളക്ടർ