'പത്താം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ടായിരുന്ന മോണിക്കയുടെ സ്വപ്നം ഡോക്ടറാകണമെന്നതാണ്'
ആലപ്പുഴ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 98 ശതമാനം മാര്‍ക്ക് നേടി ശ്രദ്ധേയായി മാറിയിരിക്കുകയാണ് നേപ്പാളി വിദ്യാര്‍ഥിനി മോണിക്ക. ചെങ്ങന്നൂര്‍ പുത്തന്‍കാവ് മെട്രൊപ്പോലീറ്റന്‍ സ്‌കൂളിലെ വിദ്യാർഥിനിയാണ് മോണിക്ക. പിതാവിന‍് സെക്യൂരിറ്റി ജോലി കിട്ടിയപ്പോഴാണ് മോണിക്കയുടെ കുടുംബം കേരളത്തിലേക്ക് ചേക്കേറിയത്. നേപ്പാള്‍ സ്വദേശിനിയാണെങ്കിലും മോണിക്കയുടെ പത്തരമാറ്റ് വിജയം മലയാളികള്‍ക്ക് കൂടി അഭിമാനവും മാതൃകയുമാണ്. ചെങ്ങന്നൂര്‍ പുത്തന്‍കാവ് മെട്രൊപ്പോലീറ്റന്‍ സ്‌കൂളില്‍ ബയോളജി സയന്‍സിലെ വിദ്യാർഥിനിയാണ് മോണിക്ക പാണ്ഡെ. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 98.6 ശതമാനം മാര്‍ക്കോടെ ഫുള്‍ എ പ്ലസാണ് ഈ മിടുക്കി സ്വന്തമാക്കിയത്.
നേപ്പാളിലെ ബഗ്ലുഗ് സ്വദേശികളാണ് അച്ഛൻ ഗോകുല്‍ ശര്‍മയും അമ്മ ജീവന്‍ ശര്‍മയും. 23 വര്‍ഷം മുന്‍പാണ് ഗോപാല്‍ ശര്‍മ സെക്യൂരിറ്റി ജോലിക്കായി ചെങ്ങന്നൂരില്‍ എത്തുന്നത്. പിന്നീട് പുത്തന്‍കാവില്‍ സ്ഥിരതാമസമായി. അങ്ങനെ മോണിക്ക മലയാളം എഴുതാനും വായിക്കാനും പഠിക്കാനും തുടങ്ങി. പത്താം ക്ലാസിലും മോണിക്കയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ടായിരുന്നു. ഇനി ഡോക്ടറാകണം. അതാണ് മോണിക്കയുടെ സ്വപ്നം.
