Asianet News MalayalamAsianet News Malayalam

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ അരളിപ്പൂവിന് നിരോധനം

ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം വലിയ ചര്‍ച്ചയായത്

Nerium Oleander flower  alias Arali flower banned in Chakkulathukavu Sree Bhagavathi Temple
Author
First Published May 10, 2024, 9:20 AM IST

തലവടി: സ്ത്രീകളുടെ ശബരിമലയെന്ന് പേരുകേട്ട ചക്കുളത്തുകാവ് ക്ഷേത്രത്തിൽ അരളിപ്പൂവ് നിരോധിച്ചു. ഇനിമുതൽ പൂജാദി കർമ്മങ്ങൾക്ക് അരളിപൂവ് ഉപയോഗിക്കില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും മരണത്തിന് അരളിപ്പൂവ് ഇടയാക്കി എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. നേരത്തെ തിരുവിതാംകൂർ ദേവസ്വവും മലബാർ ദേവസ്വവും അരളി പൂവിനെ പൂജാ കർമ്മങ്ങളിൽ നിന്നും പ്രസാദമായി നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരുന്നു. 

ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം വലിയ ചര്‍ച്ചയായത്. നിത്യഹരിതമായി വളരുകയും വെളുപ്പ്, പിങ്ക്, ചുവപ്പ്, ഇളം ഓറഞ്ച്, ഇളം പര്‍പ്പിള്‍ എന്നീ നിറങ്ങളിലുള്ള പൂക്കളുണ്ടാകുകയും ചെയ്യുന്ന നിരിയം ഒലിയാണ്ടര്‍ എന്ന സസ്യമാണ് അരളി. കേരളത്തിലെ ദേശീയ പാതകളിലും വീട്ടുമുറ്റങ്ങളിലും വളരെ സാധാരണമായി കാണുന്ന ചെടി കൂടിയാണ് അരളി. 

അപോസിനേസി (Apocynaceae aka dogbane)കുടുംബത്തിലെ അംഗമായ അരളിയുടെ ഇലകളും തണ്ടുകളും വേരുകളും വിഷാംശമുള്ളതാണ്. ഹൃദയം, നാഡീവ്യഹം, ആമാശയം എന്നിങ്ങനെയുള്ള അവയവങ്ങളെ ബാധിക്കാൻ ശേഷിയുള്ളതാണ് അരളിയിലെ വിഷം. രക്തക്കുഴലുകളെ ഇത് ബാധിച്ചാൽ ഹൃദയമിടിപ്പ് കുറയുകയും ബിപി കുറയ്ക്കുന്നതിനും ഇടയാക്കും. മാത്രമല്ല കാഴ്ചശക്തി കുറയുന്നതിനും കാരണമാകും. ഛർദ്ദി,വയറുവേദന, അബോധാവസ്ഥയിലാവുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. വടക്കേ ആഫ്രിക്കയിലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലുമാണ് അരളിയുടെ ഉത്ഭവം. ചൂടുള്ളതും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് അരളി വളരുന്നത്.

വഴിയരികിലും ജനവാസമില്ലാത്ത പറമ്പുകളിലുമെല്ലാം വളരെ എളുപ്പത്തില്‍ പ്രത്യേക പരിചരണമൊന്നുമില്ലാതെ തന്നെ വളരുന്നതാണ് അരളി ചെടികൾ. വര്‍ഷങ്ങളോളം പ്രകൃതിദത്ത ആവാസ വ്യവസ്ഥയില്‍ അതിജീവിക്കാന്‍ ഈ ചെടിയെ സഹായിച്ചത് അടിമുടിയുള്ള വിഷാംശം തന്നെയാവാമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios