ഇടുക്കി: മുടിമുറിക്കാന്‍ കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്നതായി ഞെട്ടിക്കുന്ന വിവരം പുറത്തുവന്ന വട്ടവടയിൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പൊതു ബാർബർ ഷോപ്പ് ആരംഭിച്ചു. കോവിലൂരിൽ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ എം കെ മുരുകൻറെ മുടിവെട്ടിയാണ് പൊതു ബാർബർ ഷോപ്പിന്റെ പ്രവർത്തനം ആരംഭിച്ചത്.

വട്ടവടയില്‍ താഴ്ന്ന ജാതിയിലുള്ളവർക്ക് മുടിയും താടിയും വെട്ടാൻ ബാർബർ ഷോപ്പിൽ വിലക്കുള്ളതായി പരാതിയുയർന്നിരുന്നു. തമിഴ്നാട്ടിൽ നിന്ന് കുടിയേറി വനപ്രദേശത്തോട് ചേർന്ന് താമസിക്കുന്നവരോടായിരുന്നു ബാർബർ ഷോപ്പിലെ വിവേചനം. പുതിയ തലമുറയിൽപ്പെട്ടവർ പഞ്ചായത്തിൽ പരാതിയുമായി എത്തിയതോടെയാണ് വിഷയം പുറത്തറിയുന്നത്.

സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതിയും ഇടപെട്ട് ജാതി വിവേചനമുള്ള ബാർബർ ഷോപ്പ് അടച്ചുപൂട്ടി. ഇതിനു ശേഷമാണ് പഞ്ചായത്ത് നേരിട്ട് മുൻകൈയെടുത്ത് പൊതു ബാർബർ ഷോപ്പ് ആരംഭിച്ചത്. 

വട്ടവടയിൽ ഞെട്ടിക്കുന്ന ജാതിവിവേചനം; താഴ്ന്ന ജാതിയിലുള്ളവർക്ക് മുടിയും താടിയും വെട്ടാൻ വിലക്ക്