ശ്രീഗുരുവായൂരപ്പ ഭക്ത സേവാ സംഘം ഭാരവാഹികളെയും നടപ്പന്തൽ പ്രവൃത്തി നിർവ്വഹിച്ച കരാറുകാരെയും ദേവസ്വം ആദരിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രം മേൽപുത്തൂർ ആഡിറ്റോറിയത്തിനു തെക്കുഭാഗത്തായി നിർമ്മിച്ച പുതിയ നടപ്പന്തലിന്‍റെയും കിഴക്കേഗോപുര കവാടത്തിൽ തീർത്ത പുതിയ ഗേറ്റിന്‍റെയും സമർപ്പണം നടന്നു. ഭക്തർക്ക് വിശ്രമിക്കാനും വരിനിൽക്കാനും പുതിയ നടപ്പന്തൽ തണലേകും. കുംഭകോണത്തെ ശ്രീഗുരുവായൂരപ്പ ഭക്ത സേവാസംഘമാണ് ഈ വഴിപാട് സമർപ്പണം നടത്തിയത്.

ഇന്ന് രാവിലെ രാവിലെ 9 നും 9.30 നും മധ്യേയായിരുന്നു ചടങ്ങ്. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ നാടമുറിച്ച് സമർപ്പണം നിർവ്വഹിച്ചു. ശിലാഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, എൻജിനീയർമാരായ എം വി രാജൻ, എം കെ അശോക് കുമാർ, വി ബി സാബു, ഇ കെ നാരായണൻ ഉണ്ണി, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ (ക്ഷേത്രം), എം രാധ (ജീവധനം), കുംഭകോണം ശ്രീഗുരുവായൂരപ്പ ഭക്ത സേവാസംഘം ട്രസ്റ്റ് മേധാവി മണി ചന്ദിരൻ, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായി.

ശ്രീഗുരുവായൂരപ്പ ഭക്ത സേവാ സംഘം ഭാരവാഹികളെയും നടപ്പന്തൽ പ്രവൃത്തി നിർവ്വഹിച്ച കരാറുകാരെയും ദേവസ്വം ആദരിച്ചു. ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം ഭക്തർക്ക് സഹായമേകുന്ന നിരവധി വഴിപാട് സമർപ്പണങ്ങൾ ക്ഷേത്രത്തിൽ നടത്തിയിട്ടുണ്ട്.

അതേസമയം ഗുരുവായൂർ ദേവസ്വം ബോർഡിൽ നിന്നുള്ള മറ്റൊരു വാർത്ത 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10 ന് നടക്കും എന്നതാണ്. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ​ഗ്രേഡ് 2, ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ എന്നീ തസ്തികകളിലേയ്ക്കുള്ള പരീക്ഷ തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായിരിക്കും നടക്കുക. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പരീക്ഷ രാവിലെ 9 മണി മുതൽ 10.45 വരെയും ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ പൊതുപരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയുമാണ് നടക്കുക. 107 പേര്‍ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പരീക്ഷ എഴുതുന്നുണ്ട്. 1,937 പേരാണ് ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ തസ്തികകളിലേയ്ക്കുള്ള പരീക്ഷ എഴുതുന്നത്. 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികൾ സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ ഓഗസ്റ്റ് 5ന് വൈകുന്നേരം 5 മണിക്കകം ഇ മെയിലിലോ നേരിട്ടോ ദേവസ്വം റിക്രൂട്ട്മെന്റ് ഓഫീസിൽ അപേക്ഷ നൽകണം. ഓ​ഗസ്റ്റിൽ 7 പരീക്ഷകളാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച 10 തസ്തികകളിലെ 7 പരീക്ഷകളാണ് ഈ മാസം നടക്കുക.