കോഴിക്കോട്: സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ മാസം 20-നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. അതേസമയം, കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ പുതിയ മുന്‍സിപ്പാലിറ്റകളോ കോർപ്പറേഷനുകളോ രൂപീകരിക്കേണ്ടെന്നും അനിവാര്യമെങ്കില്‍ മാത്രം പുതിയ പഞ്ചായത്തുകള്‍ രൂപീകരിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ തീരുമാനം.

സെന്‍സസ് അടിസ്ഥാനമാക്കി പത്തു വര്‍ഷം കൂടുമ്പോഴാണ് പുതിയ തദ്ദേശഭരണ സ്ഥാപനങ്ങള്‍ രൂപീകരിക്കുകയോ നിലവിലുളളവയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുകയോ ചെയ്യാറുളളത്. സെന്‍സസ് കാലങ്ങളില്‍ പലപ്പോഴും ഭരണത്തിലിരുന്നത് യുഡിഎഫ് ആയതിനാല്‍ പുനര്‍നിര്‍ണയത്തിന്‍റെ നേട്ടം കൂടുതല്‍ കിട്ടിയത് യുഡിഎഫിനെന്ന വിലയിരുത്തലിലാണ് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് അഴിച്ചുപണി നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ജനസംഖ്യ കൂടിയ പഞ്ചായത്തുകളെ വിഭജിക്കാനും നഗരസ്വഭാവമുളള പഞ്ചായത്തുകളെ നഗരസഭകളാക്കാനുമായിരുന്നു ആലോചന. ഇതിനായി തദ്ദേശഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് 27430-ല്‍ കൂടുതല്‍ ജനസംഖ്യയുളളതോ 32 ചതുരശ്ര കിലോമീറ്ററിലധികം വിസ്തീര്‍ണ്ണമുളളതോ 50 ലക്ഷം രൂപയിലധികം തനത് വരുമാനമുളളതോ ആയ പഞ്ചായത്തുകളെ വിഭജിക്കുകയോ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുകയോ ചെയ്യാം. ഈ രീതി അവലംബിച്ചാല്‍ സംസ്ഥാനത്ത് പുതിയ നൂറോളം പുതിയ പ‍ഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടതായി വരും.

ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ പഞ്ചായത്തുകളുടെ രൂപീകരണം ഉടന്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ജില്ലാതല ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രമേ പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കൂ. നഗരസ്വഭാവമുളള പഞ്ചായത്തുകളെ മുന്‍സിപ്പാലിറ്റികളാക്കുകയോ മുന്‍സിപ്പാലിറ്റികളെ കോര്‍പ്പറേഷനാക്കുകയോ ചെയ്യേണ്ട സാഹചര്യവും നിലവിലില്ലെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നിലപാട്.