നിലവില്‍11 കോടി രൂപ ചെലവില്‍ ഒരു പാര്‍ക്കിംഗ് സമുച്ചയത്തിന്‍റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെയാണ് കോര്‍പ്പറേഷന്‍ പുതിയ പദ്ധതിയിലേക്ക് നീങ്ങുന്നത്.

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിലെ പാർക്കിംഗ് പ്രശ്നം പരിഹരിക്കാന്‍ കോഴിക്കോട് കോർപ്പറേഷൻ 100 കോടി രൂപ ചെലവിൽ രണ്ട് പാർക്കിംഗ് പ്ലാസകള്‍ നിർമിക്കുന്നു. നിലവില്‍11 കോടി രൂപ ചെലവില്‍ ഒരു പാര്‍ക്കിംഗ് സമുച്ചയത്തിന്‍റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെയാണ് കോര്‍പ്പറേഷന്‍ പുതിയ പദ്ധതിയിലേക്ക് നീങ്ങുന്നത്. പദ്ധതി ബിഒടി അടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് തീരുമാനം.

ഇഎംഎസ് സ്റ്റേഡിയം പരിസരത്തും കിഡ്സൻ കോർണറിലുമായി രണ്ട് പാർക്കിംഗ് പ്ലാസകൾ നിർമ്മിക്കാനാണ് കോർപറേഷന്റെ തീരുമാനം. ഇതിനായി ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മാണം ഏറ്റെടുക്കാന്‍ താല്‍പര്യമുളള കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. 20 നിലകളുളള രണ്ട് പാര്‍ക്കിംഗ് പ്ലാസകളിലായി എഴുന്നൂറിലേറെ കാറുകള്‍ക്കും ഇരുന്നൂറ്റി അമ്പതോളം ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് സൗകര്യമുണ്ടാകും.

ഒരു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മിഠായി തെരുവില്‍ പാര്‍ക്കിംഗ് നിരോധിക്കുക കൂടി ചെയ്തതോടെ നഗരത്തിലെ വര്‍ദ്ധിച്ച ഗതാഗതത്തിരക്ക് കുറയ്ക്കാനായാണ് പദ്ധതിയെന്ന് നഗരസഭ പറയുന്നു. പാർക്കിംഗ് പ്ലാസയിൽ ആദ്യത്തെ മൂന്ന് നില വ്യാപാര സ്ഥാപനങ്ങൾക്കായി നൽകും. ബാക്കിയുള്ള നിലകളിലാണ് പൊതുജനങ്ങൾക്ക് ഫീസ് അടച്ച് വാഹന പാർക്കിംഗിന് സൗകര്യമൊരുക്കുക. 

അതേസമയം, ലിങ്ക് റോഡില്‍ 10 വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ പാര്‍ക്കിംഗ് പ്ലാസ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതിനകം പത്ത് കോടിയോളം രൂപ ഈ പദ്ധതിക്കായി കോര്‍പറേഷന്‍ ചെലവിട്ടുകഴിഞ്ഞു. 90 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. സ്ഥലം ഏറ്റെടുക്കാനും നിർമ്മാണത്തിന് അനുമതി നൽകാനും കോർപ്പറേഷൻ എട്ടുവർഷത്തോളം സമയമെടുത്തതാണ് കാലതാമസത്തിന് കാരണമെന്നാണ് പദ്ധതി നടപ്പാക്കുന്ന യെന്നാറീസ് ഏജൻസീസിന്‍റെ വിശദീകരണം. ഡിസംബറിനുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.