കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സമഗ്രശിക്ഷ കേരള ഇടുക്കിയും വിവിധ വകുപ്പുകളും ചേര്‍ന്നാണ് ഊരുണര്‍ത്തല്‍ പരിപാടി നടത്തുന്നത്. 

ഇടുക്കി. കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി സ്‌കൂളില്‍ പഠിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ഊരുണര്‍ത്തല്‍ പരിപാടി. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സമഗ്രശിക്ഷ കേരള ഇടുക്കിയും വിവിധ വകുപ്പുകളും ചേര്‍ന്നാണ് ഊരുണര്‍ത്തല്‍ പരിപാടി നടത്തുന്നത്. കുട്ടികളുടെ കൊഴിഞ്ഞുപോക്കു തടയുകയാണ് പ്രധാന ലക്ഷ്യും. കൂടാതെ മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ ചേര്‍ക്കുകയും അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പു വരുത്തുകയും ചെയ്യുക ലക്ഷ്യം വച്ചാണ് ബോധവത്ക്കരണം നടത്തുന്നത്.

ജൂണ്‍ 3 ന് ഇടമലക്കുടിയിലെ സൊസൈറ്റിക്കുടിയില്‍ നടക്കുന്ന പരിപാടി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് ഉദ്ഘാടനം ചെയ്യും. ഇടമലക്കുടി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഏറി വരുന്നതായി ബാലാവകാശ കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ 26 കുട്ടികള്‍ വിവിധ കാരണങ്ങളാല്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു.

 യാത്രാ സൗകര്യങ്ങളുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, സാമ്പത്തിക പ്രശ്നങ്ങള്‍, അലോട്ട്മെന്‍റ്, പ്രവേശന നടപടികളെക്കുറിച്ചുള്ള അറിവില്ലായ്മ തുടങ്ങിയവയാണ് പഠനം നിര്‍ത്തുവാനുള്ള കാരണങ്ങളായി കണ്ടെത്തിയിരുന്നത്. പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഊരുണര്‍ത്തല്‍ പരിപാടി നടത്തുവാന്‍ തീരുമാനമായത്. ഇടമലക്കുടിയില്‍ പുതുതായി പണി കഴിപ്പിച്ച ട്രൈബല്‍ ഹോസ്റ്റലിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എസ് വിജയകുമാര്‍ നിര്‍വ്വഹിക്കും. ഇടുക്കി ജില്ലാ ജഡ്ജ് ദിനേഷ് എം പിള്ള ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്‍റ് വി ഗോവിന്ദരാജ് അധ്യക്ഷത വഹിക്കും.