ചവറ, പാലമൂട്ടില്‍, സോമരാജന്‍ മകന്‍ അനീഷ് (29) -നെ ആണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.  

കൊല്ലം: പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായുരുന്ന പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസിൽ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ, പാലമൂട്ടില്‍, സോമരാജന്‍ മകന്‍ അനീഷ് (29) -നെ ആണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. 

പുതുവത്സര ദിവസം പുലര്‍ച്ചെ 1.15 ഓടെ കുരുശുംമൂട് പടന്നയില്‍ സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു വെന്ന് ചവറ പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് ഇത് അന്വേഷിക്കാനായി സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം വലിയ ശബ്ദത്തിലുണ്ടാരുന്ന ആഘോഷം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ഇതില്‍ പ്രകോപിതരായ പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. അക്രമകാരികളായ പ്രതികളെ പൊലീസ് ജീപ്പില്‍ കയറ്റുന്നതിനിടയില്‍ അനീഷ് വാഹനത്തിന്‍റെ ഗ്രില്ലുകളും വാതിലും കണ്ണാടിയും അടിച്ച് തകര്‍ത്തു. മറ്റുള്ള പ്രതികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും അനീഷിനെ പൊലീസ് സംഘം പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ആക്ഷൻ ഹീറോ വിജിലൻസ്! കാശിന് കൈനീട്ടുമ്പോൾ ഒന്ന് മടിക്കും, കേരളം റെക്കോർഡ് അഴിമതി വീരൻമാരെ പൂട്ടിയ വർഷം, 2023

അതേസമയം, ആറ്റിങ്ങലില്‍ പുതുവത്സരാങഘോഷത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയും പൊലീസുകാര്‍ക്ക് നേരെ മുളകുപൊടി എറിയുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ആറ്റിങ്ങൽ അവനവഞ്ചേരി കൈപ്പറ്റിമുക്ക് ഭാഗത്തായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ സംഘം അതിക്രമം കാണിക്കുന്നു എന്ന പരാതിയെ തുടർന്നാണ് ആറ്റിങ്ങലിൽ നിന്നും പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയത്. മദ്യലഹരിയിൽ ആയിരുന്ന ആക്രമികൾ പൊലീസിന് നേരെയും അതിക്രമം അഴിച്ചു വിടുകയായിരുന്നു. പൊലീസുകാര്‍ക്ക് നേരെ ഇവര്‍ മുളകുപൊടി എറിഞ്ഞു. പൊലീസ് ഓഫീസർമാരായ മനു, ഹണി, സെയ്ദലി, അനിൽകുമാർ എന്നിവർക്ക് സാമൂഹ്യ വിരുദ്ധ സംഘത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. യുവാക്കളോട് പിരിഞ്ഞുപോകാൻ പൊലീസ് സംഘം ആവശ്യപ്പെട്ടതോടെ പ്രകോപിതരായ ഇവര്‍ പൊലീസുകാരെ അസഭ്യം പറയുകയും തുടർന്ന് അക്രമം അഴിച്ചുവിടുകയും ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം