കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്നമില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. പ്രസവിച്ചു മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

അടൂർ: പത്തനംതിട്ടയിൽ നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കപ്പ കൃഷി ചെയുന്ന പറമ്പിലാണ് കുട്ടിയെ കണ്ടെത്തിയത്. കരച്ചിൽ കേട്ട അയൽവാസികൾ ആണ് ആദ്യം കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞ് പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്നമില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. പ്രസവിച്ചു മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചികിത്സയിലുള്ള കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തിട്ടുണ്ട്. പ്രഥമിക പരിശോധനയിൽ കുട്ടി പൂർണ ആരോഗ്യവനാണെന്ന് ജില്ലാ സിഡബ്ല്യുസി ചെയർമാൻ എൻ രാജീവ്‌ പറഞ്ഞു. കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം തണൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മറ്റും. നിലവിൽ കുട്ടിയുടെ പരിചരണത്തിന് തണൽ ജീവനക്കാരെ നിയോഗിച്ചെന്നും എൻ രാജീവ്‌ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

പ്രദേശവാസിയായ പഴമ്പള്ളി സ്വദേശി മനോജ്‌ വർഗീസ് ആണ് ആദ്യം കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് വീടിന് പുറത്തിറങ്ങി നോക്കി. തൊട്ടടുത്തുള്ള ആളൊഴിഞ്ഞ കപ്പതോട്ടത്തിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടു. ചെന്ന് നോക്കുമ്പോള്‍ മണ്ണിൽ കിടന്നു വിറയ്ക്കുന്ന കുഞ്ഞിനെയാണ് കണ്ടെതെന്ന് മനോജ്‌ വര്ഗീസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. തുടർന്ന് മനോജ് ആണ് പൊലീസിനെ വിവരമറിയിച്ചത്. വെളുപ്പിനെ ആയിരിക്കാം കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചതെന്നാണ് സംശയിക്കുന്നതെന്ന് മനോജ് പറഞ്ഞു.

Read More :  '9 വർഷത്തെ പ്രണയം, വിവാഹത്തിന് മുമ്പ് അടുപ്പം, ദേവികയെ ലോജ്സിലെത്തിച്ചത് ബലം പ്രയോഗിച്ച്'; നിര്‍ണായക വിവരങ്ങൾ