തിരുവനന്തപുരം: രണ്ടുകോടി രൂപ മുടക്കി നവീകരിച്ച നെയ്യാറ്റിൻകര നഗരസഭയുടെ മൈതാനം ഓണം മേളയ്ക്കായി വിട്ടു നൽകി. മേളയുടെ ഭാഗമായി നിർമാണ പ്രവർത്തനം നടക്കുന്നതുകൊണ്ട് ഗ്രൗണ്ട് കുത്തിക്കുഴിച്ച് ചെളിക്കളമായി മാറ്റിയിരിക്കുകയാണ്. നവീകരണം നടക്കുമ്പോൾ ഗ്രൗണ്ട് മേളകൾക്കായി നൽകില്ലെന്ന നിബന്ധന കാറ്റിൽപ്പറത്തിയാണ് വ്യാപാരി വ്യവസായി സമിതിയുടെ നെയ്യാർ മേളയ്ക്കായി ഗ്രൗണ്ട് നൽകിയിരിക്കുന്നത്. കായിക ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഗ്രൗണ്ട് മേള നടത്താൻ നൽകിയതിനെതിരെ പ്രതിഷേധവും ശക്തമാവുകയാണ്.

ഒന്നര മാസം മുൻപാണ് നഗരസഭയുടെ മൈതാനം നവീകരിച്ചത്. ഗ്രൗണ്ടിന് ചുറ്റും പ്രഭാത, സായാഹ്ന കാൽനടയ്ക്കായി തറയോട് പാകിയിരുന്നു. മാത്രവുമല്ല ഗ്രൗണ്ട് കളിമണ്ണും മണലും കൂട്ടിക്കുഴച്ച് വെള്ളക്കെട്ട് ഉണ്ടാകാത്ത നിലയിൽ നിരപ്പാക്കിയിരുന്നു. ഇതിനൊപ്പം ഗ്രൗണ്ടിനുചുറ്റും മതിലും കമ്പിവേലിയും നിർമിച്ചു. ഗ്രൗണ്ടിനു പുറകിലായി പൊതുയോഗങ്ങൾക്കായി സ്ഥിരംവേദിയും നിർമിച്ചു. പുറകുഭാഗത്ത് നടപ്പാത കഴിഞ്ഞുള്ള സ്ഥലത്ത് അൻപതുലക്ഷം രൂപ ചെലവഴിച്ച് ടോയ്ലെറ്റ് കോംപ്ലക്സും നിർമിച്ചു. ഇതിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഗ്രൗണ്ട് നവീകരിച്ചതോടെ മേളകൾക്കും സമാനസ്വഭാവത്തിലുള്ള പരിപാടികൾക്കും ഗ്രൗണ്ട് നൽകില്ലെന്ന് നഗരസഭ തീരുമാനിച്ചിരുന്നു.

ഗ്രൗണ്ട് കുത്തിക്കുഴിക്കാതെ പൊതുയോഗം സംഘടിപ്പിക്കാൻ മാത്രമാണ് അനുമതിയുള്ളത്. മൈതാനത്തിന്റെ രണ്ടാംഘട്ട വികസനത്തിന് 43 ലക്ഷം രൂപയുടെ പുതിയ പദ്ധതി ഡി.പി.സി. അംഗീകരിക്കുകയും ചെയ്തു. അതിനിടയിലാണ് സി.പി.എം. അനുകൂല വ്യാപാരികളുടെ സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ നെയ്യാർമേളയ്ക്കായി ഗ്രൗണ്ട് നഗരസഭ വിട്ടുനൽകിയത്. ഇതിനെതിരെ സ്ഥലത്തെ കായികപ്രേമികളും സ്ഥിരമായി സ്റ്റേഡിയത്തിൽ കളിക്കുവാനെത്തുന്ന വിദ്യാർത്ഥികളും പ്രതിഷേധത്തിലാണ്. ഇവർക്ക് പിന്തുണയുമായി കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക ട്രോൾ ഗ്രൂപ്പായ ട്രോൾ നെയ്യാറ്റിൻകരയുമുണ്ട്.

നെയ്യാർമേള അഞ്ചുമുതൽ പതിനഞ്ചാം തീയതി വരെയാണ് നടക്കുന്നത്. വ്യാപാരമേളയ്ക്കൊപ്പം വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷങ്ങളുടെ വേദികൂടിയാണ് നെയ്യാർമേള.  അഞ്ചുമുതൽ 15 വരെയാണ് മേളയ്ക്കായി ഗ്രൗണ്ട് വിട്ടുനൽകിയെങ്കിലും ഇതിനകത്തെ നിർമാണ പ്രവർത്തനങ്ങൾക്കായി നേരത്തേ തന്നെ ഗ്രൗണ്ട് നെയ്യാർ മേളയ്ക്കായി നഗരസഭ വിട്ടുനൽകിയിരിക്കുകയാണ്.

ഫലത്തിൽ മേളയ്ക്കായി ഇരുപതിലേറെ ദിവസം വിട്ടുനൽകേണ്ടിവരും. മേളയ്ക്കായി ഇപ്പോൾത്തന്നെ ഗ്രൗണ്ടിനുചുറ്റും മറച്ചുകഴിഞ്ഞു. ഇതോടെ പ്രഭാത, സായാഹ്ന നടത്തത്തിനായി ഗ്രൗണ്ട് കിട്ടാതെവരും. മാത്രവുമല്ല കായിക വിനോദവും നടത്താൻ കഴിയാതെ വരും. മേള കഴിഞ്ഞാലും പെട്ടെന്ന് ഗ്രൗണ്ട് കായികാവശ്യത്തിനായി ഉപയോഗിക്കാൻ കഴിയാതെ വരും. കുത്തിക്കുഴിച്ച നിലയിലുള്ള ഗ്രൗണ്ട് നവീകരിച്ചാൽ മാത്രമേ പിന്നീട് ഉപയോഗിക്കാനും കഴിയൂ. പ്രതിദിനം 2500 രൂപ വാടകയ്ക്കാണ് വ്യാപാരി വ്യവസായി സമിതിക്കായി ഗ്രൗണ്ട് നഗരസഭ വിട്ടുനൽകിയിരിക്കുന്നത്. പത്ത് ദിവസത്തേക്ക് വെറും 25000 രൂപ മാത്രമാണ് വാടകയായി ലഭിക്കുക. എന്നാൽ, മേള കഴിഞ്ഞാൽ ഗ്രൗണ്ട് നവീകരിക്കണമെങ്കിൽ ഇതിന്റെ പത്തിരട്ടി പണം ചെലവഴിക്കേണ്ടിവരുമെന്നാണ് ആക്ഷേപമുള്ളത്.