കായംകുളം: വീട്ടില്‍ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ നേപ്പാള്‍ സ്വദേശിയായ 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരുപതുകാരനെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കിഴക്കേവീട്ടില്‍ നിധീഷ് മോഹനനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

കായംകുളത്തുള്ള ഒരു ഇരുനില കെട്ടിടത്തില്‍ മുകളിലത്തെ നിലയില്‍ താമസിച്ചുവരികയായിരുന്ന നേപ്പാള്‍ സ്വദേശികളുടെ മകളെ കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ മദ്യലഹരിയിലെത്തിയ നിതീഷ് മോഹന്‍ കടന്നുപിടിക്കുകയായിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ പിതാവ് വീടിനു താഴെ നില്‍ക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ പ്രതി ചാരിയിട്ടിരുന്ന വീടിന്റെ വാതില്‍ തുറന്ന് അകത്തു കടക്കുകയും പെണ്‍കുട്ടിയെ കടന്നുപിടിക്കുകയുമായിരുന്നു.

പെണ്‍കുട്ടി ബഹളം വെച്ചതു കേട്ട് പിതാവും അയല്‍വാസികളും ഓടിയെത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കായംകുളം എസ് ഐ ഷാരോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിധീഷ് മോഹനെ ഇയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമം ചുമത്തിയാണ് കേസെടുത്തത്.