പൂച്ചാക്കൽ: വീടിന്‍റെ ജനൽ ചില്ലുകളും ഓട്ടോറിക്ഷയുടെ ചില്ലുകളും സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു. പാണാവള്ളി പഞ്ചായത്ത് ഒമ്പതാം വാർഡിൽ പണിക്കേഴത്ത് വീട്ടിൽ ശാലിനിയുടെ പുതിയതായി പണിതീർത്ത വീടിന്‍റെ നാലു ഭാഗത്തെ ജനൽ ചില്ലുകളും ഭർത്താവ് സന്ദീപിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകളുമാണ് ചൊവ്വാഴ്ച പുലർച്ച ഒരു മണിയോടെ അക്രമിസംഘം അടിച്ചു തകർത്തത്.

ചില്ല് തകർന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് പുറത്തെറിങ്ങിയപ്പോൾ അക്രമികൾ ഓടി രക്ഷപെട്ടിരുന്നു. ഈ വാർഡിലെ തൊഴിലുറപ്പ് മേറ്റും യൂണിയൻ പ്രവർത്തകയുമായ ശാലിനി കഴിഞ്ഞ ദിവസങ്ങളിൽ വനിതാ മതിലിന് അണി ചേരുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു.

ഇതിനെതിരെ ഭീഷണിയുമായി പ്രദേശത്തെ ചിലർ രംഗത്ത് വന്നിരുന്നു എന്നും ഇതിന്റെ തുടർച്ചയാവാം അക്രമത്തിന് പിന്നിൽ എന്ന് പൂച്ചാക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.സംഭവമായി ബന്ധപ്പെട്ട് പൂച്ചാക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.