നിലമ്പൂർ: ഷൊർണൂർ - നിലമ്പൂർ പാതയിൽ രാത്രി ഗതാഗതം വേണമെന്ന ആവശ്യം റെയിൽവേ തത്വത്തിൽ അംഗീകരിച്ചു. തുടക്കത്തിൽ ചരക്കു നീക്കം മാത്രമേ ഉണ്ടാകൂ. കൂടുതൽ സൗകര്യമൊരുക്കിയതിന് ശേഷം യാത്രാ ട്രെയിനുകൾ ഓടിത്തുടങ്ങും. സംസ്ഥാനത്ത് നിന്നുള്ള എംപിമാരും റെയിൽവേ ഉന്നതോദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് രാത്രി ഗതാഗതത്തിന് അനുമതി നൽകാൻ തീരുമാനമായത്. ഇപ്പോൾ രാത്രി 10 മുതൽ രാവിലെ 6 വരെ പാതയിൽ ഗതാഗതമില്ല. അനുമതി കിട്ടുന്നതോടെ കൊച്ചുവേളി - നിലമ്പൂർ രാജ്യറാണി എക്സ്പ്രസിന് രാവിലെ 5:30 ഓടെ നിലമ്പൂരെത്താനാകും.

റെയിൽവേയുടെ ഔദ്യോഗിക ഉത്തരവ് ലഭിച്ചാലുടൻ രാത്രി ഗുഡ്സ് ട്രെയിനുകൾ ഓടിക്കാനാണ് പാലക്കാട് റെയിൽവേ ഡിവിഷന്റെ തീരുമാനം. പകൽ മുഴുവൻ നിലമ്പൂരിൽ നിർത്തിയിടുന്ന കോച്ചുകൾ ഉപയോഗപ്പെടുത്തി എറണാകുളം വരെയെങ്കിലും എക്സ്പ്രസ് സർവീസ് നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ ആയതിനാൽ നിലമ്പൂർ നഞ്ചൻകോഡ് പാതയെ കുറിച്ച് യോഗം ചർച്ച ചെയ്തില്ല