- Home
- Local News
- പൊട്ടിത്തെറിച്ച് പെട്രോൾ ടാങ്കും ബാറ്ററികളും, കത്തിയമർന്ന് 500 ബൈക്കുകളും ട്രെയിന്‍ എന്‍ജിനും; റെയിൽവേ ബൈക്ക് പാർക്കിങ് ലോട്ടിൽ നടുക്കുന്ന ദുരന്തം
പൊട്ടിത്തെറിച്ച് പെട്രോൾ ടാങ്കും ബാറ്ററികളും, കത്തിയമർന്ന് 500 ബൈക്കുകളും ട്രെയിന്‍ എന്‍ജിനും; റെയിൽവേ ബൈക്ക് പാർക്കിങ് ലോട്ടിൽ നടുക്കുന്ന ദുരന്തം
തൃശൂര്‍ നഗരം ഇന്ന് ഉണര്‍ന്നത് നടക്കുന്ന വാര്‍ത്ത കേട്ടാണ്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ലോട്ടിൽ തീപിടിത്തമുണ്ടായി നിർത്തിയിട്ട 600 ബൈക്കുകളിൽ 500ലേറെ ബൈക്കുകളാണ് കത്തി നശിച്ചത്. പുത്തൻ ബൈക്കുകളക്കം കത്തി നശിച്ചു.

കത്തിയമർന്നത് 500 ഓളം ബൈക്കുകൾ
രാവിലെ 6.15 ഓടെയാണ് പാര്‍ക്കിങ്ങില്‍ തീപിടിത്തമുണ്ടാകുന്നത്. പാര്‍ക്ക് ചെയ്തിരുന്ന 500 ഓളം ബൈക്കുകള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചു. അറുനൂറോളം ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നതായാണ് വിവരം.
ബൈക്ക് ഷെഡ് പൂർമായും കത്തി
ബൈക്ക് ഷെഡ് പൂര്‍ണമായും കത്തിയമര്‍ന്നു. മേല്‍ക്കൂരയടക്കം തകര്‍ന്നു വീണു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. റെയില്‍വേ സ്റ്റേഷനും റെയില്‍ പാളവും തൊട്ടടുത്ത് തന്നെ ആയതിനാല്‍ ഉയര്‍ന്ന വൈദ്യുതി കടന്നു പോകുന്ന ലൈന്‍ അടക്കം തൊട്ടടുത്തുണ്ടായിരുന്നു.
പൊട്ടിത്തെറിച്ച് പെട്രോൾ ടാങ്കും ബാറ്ററികളും
ജനങ്ങളെ അപകടമുണ്ടായ സ്ഥലത്തേ് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞു. വിവിധ സ്ഥലങ്ങളില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി വേഗത്തില്‍ തീ അണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ബൈക്കുകളുടെ പെട്രോള്‍ ടാങ്കുകളും ബാറ്ററികളും പൊട്ടിതെറിച്ചു തുടങ്ങിയതോടെ തീ ആളിപടര്‍ന്നു.
ഞായർ ആയതിനാൽ തിരക്ക് കുറവ്
വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പോകുന്നവരാണ് ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഞായര്‍ ആയതിനാല്‍ ബൈക്കുകള്‍ കുറവായിരുന്നു. പ്രവൃത്തി ദിവസമായിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടിയേനെ. അപകടം അറിഞ്ഞ് ബൈക്ക് പാര്‍ക്ക് ചെയ്തവര്‍ തിരികെ വന്ന് തുടങ്ങി.
പുത്തൻ ബൈക്കുകളും ആഡംബര വാഹനങ്ങളും
വാങ്ങി ഒരാഴ്ച്ച പോലും തികയാത്ത ബൈക്ക് അടക്കം നിരവധി ആഡംബര ബൈക്കുകൾ തീപിടിത്തത്തിൽ കത്തി നശിച്ചു. നമ്പര്‍ പ്ലേറ്റ് പോലും കത്തി നശിച്ചിട്ടുണ്ട്. ആശിച്ച് മോഹിച്ച് വാങ്ങിയ ബൈക്ക് അസ്ഥികൂടമായി കിടക്കുന്നത് കണ്ട് പലരുടേയും കണ്ണ് നിറഞ്ഞു. സ്ത്രീകള്‍ക്കാണ് ഏറെ ദുഃഖം. ചെറിയ ജോലിക്കും മറ്റും പോയി മിച്ചം പിടിച്ച തുകയില്‍നിന്ന് വാങ്ങിയ വണ്ടിയാണ് തിരിച്ചറിയാന്‍പോലും പറ്റാത്ത വിധം കത്തിയതെന്ന് ഒരു സ്ത്രീ പറഞ്ഞു.
ട്രെയിൻ എഞ്ചിനടക്കം കത്തി
റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന പാര്‍ക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ എന്‍ജിനും കത്തി.
ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച
പരിചയ സമ്പന്നരായ ജീവനക്കാരെ ആയിരുന്നില്ല പാർക്കിംഗ് ലോട്ടിൽ നിയമിച്ചതെന്നും തീ അണക്കാനുള്ള മതിയായ ഉപകരണങ്ങളും പാർക്കിങ് ലോട്ടിൽ ഉണ്ടായിരുന്നില്ലെന്നും ഫയർഫോഴ്സ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള കൺട്രോൾ റൂം നമ്പറുകളും ഹെൽപ്പ് ലൈൻ നമ്പറുകളും പാർക്കിങ് ലോട്ടിൽ പ്രദർശിപ്പിച്ചിരുന്നില്ല.
പാർക്കിംഗ് ലോട്ടിന് അനുമതിയില്ല
പാർക്കിംഗ് ലോട്ട് പ്രവർത്തിച്ചത് കോർപ്പറേഷന്റെ അനുമതിയില്ലാതെ എന്ന ഡെപ്യൂട്ടി മേയർ എ പ്രസാദ് പറഞ്ഞു. സംഭവത്തിൽ റെയിൽവേക്ക് തൃശ്ശൂർ കോർപ്പറേഷൻ നോട്ടീസ് നൽകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

