മോഹൻലാൽ എന്ന ഇതിഹാസ നടനെ കാഴ്ച ശക്തിയില്ലാത്തവർ അറിയാതെ പോകരുതെന്ന ചിന്തയാണ് നിഖിലിനെ പ്രദർശനമൊരുക്കാൻ പ്രേരിപ്പിച്ചത്. 333 ചിത്രങ്ങൾ പൂർത്തിയാക്കാൻ എട്ട് മാസമെടുത്തു.

തൃശൂർ: മംഗലശ്ശേരി നീലകണ്ഠൻ, ആടുതോമ, കിരീടത്തിലെ സേതുമാധവൻ തുടങ്ങി മോഹൻലാലിന്റെ മൂന്നൂറോളം കഥാപാത്രങ്ങൾ ക്യാൻവാസിൽ. അതും കാഴ്ചശക്തി ഇല്ലാത്തവർക്കും ഓട്ടിസം ബാധിച്ചിട്ടുള്ള കുട്ടികൾക്കും ആസ്വാദ്യമാകുന്ന രീതിയിലാണ് ചിത്രങ്ങൾ. തൊട്ട് നോക്കിയാൽ തന്നെ വര ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം വരച്ചിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ നിഖിൽ വർണ എന്ന കലാകാരനാണ് മോഹൻലാൽ കഥാപാത്രങ്ങളെ ക്യാൻവാസിൽ പകർത്തിയിരിക്കുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ലൂസിഫർ വരെയുള്ള മോഹൻലാൽ ചിത്രങ്ങളിലെ തെരഞ്ഞെടുത്ത കഥാപാത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. മൈലാ‍ഞ്ചി ഇലകൾ അരച്ച് വെള്ളത്തിൽ ചാലിച്ച് ജ്യൂട്ടിലാണ് ചിത്രങ്ങൾ വരച്ചത്. ഇവ തൊട്ട് നോക്കിയാൽ തന്നെയറിയാം വരകളിൽ വിരിയുന്നതെന്താണെന്ന്. 

മോഹൻലാൽ എന്ന ഇതിഹാസ നടനെ കാഴ്ച ശക്തിയില്ലാത്തവർ അറിയാതെ പോകരുത് എന്ന ചിന്തയാണ് നിഖിലിനെ പ്രദർശനമൊരുക്കാൻ പ്രേരിപ്പിച്ചത്. 333 ചിത്രങ്ങൾ പൂർത്തിയാക്കാൻ എട്ട് മാസമെടുത്തു. എൽഎൽബി ബിരുദധാരിയായ നിഖിൽ ഫാഷൻ രംഗത്തെ താൽപര്യം മൂലം സ്വകാര്യ സ്ഥാപനത്തിൽ ഡിസൈനറാണ്. തൃശ്ശൂർ ലളിത കലാ അക്കാദമിയിലാണ് പ്രദർശനം.