കുട്ടിയുടെ പിന്നാലെ ഒന്നിലധികം തെരുവുനായ്ക്കളാണ് ഓടിയെത്തിയത്. സമയോചിതമായി ഇടപെട്ടതോടെ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കുട്ടി രക്ഷപ്പെട്ടു.

മലപ്പുറം: വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വളഞ്ഞ് തെരുവ് നായ്ക്കൾ. ഭയന്ന കുട്ടിയെ രക്ഷിക്കുന്നതിനായി ഓടിയെത്തി ഒമ്പത് മാസം ഗർഭിണിയായ അമ്മ. കുന്നുംപുറം എ.ആര്‍ നഗര്‍ യാറത്തുംപടിയിലാണ് സംഭവം. കുട്ടിയുടെ പിന്നാലെ ഒന്നിലധികം തെരുവുനായ്ക്കളാണ് ഓടിയെത്തിയത്. സമയോചിതമായി ഇടപെട്ടതോടെ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കുട്ടി രക്ഷപ്പെട്ടു. സംഭവത്തില്‍ കുട്ടിക്ക് വലിയ പരുക്കുകളൊന്നും ഉണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു. പകല്‍സമയത്തുപോലും കൂട്ടമായെത്തുന്ന നായ്ക്കള്‍ കുട്ടികളെയും വയോധികരെയും കാല്‍നടയാത്രക്കാരെയും പിന്തുടരുന്നത് പതിവായിരിക്കുകയാണെന്നും പരാതിയുണ്ട്. വീടുകള്‍ക്ക് സമീപവും റോഡരികിലും നായ്ക്കള്‍ കൂട്ടമായി തമ്പടിക്കുന്നതും പ്രദേശവാസികളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂളിലേക്കും മദ്രസയിലേക്കും മറ്റും പോകുന്ന കുട്ടികളുടെ സുരക്ഷയിലും രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്.

തെരുവുനായ ശല്യം സംബന്ധിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കുന്നുംപുറത്ത് നടന്ന സംഭവം തെരുവുനായ ശല്യത്തിന്റെ രൂക്ഷത വീണ്ടും ചൂണ്ടിക്കാട്ടുന്നതാണ്. അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി നിയന്ത്രിക്കുന്നതിനും പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം