പഴംതീനി വവ്വാലുകള്‍ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, ചാവുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്.

കോഴിക്കോട്: വവ്വാലുകള്‍ സസ്തനി വിഭാഗത്തില്‍പെടുന്ന വന്യജീവികളാണെന്നും അവയെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍. നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകള്‍ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, ചാവുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ല. ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളില്‍ ചേക്കേറുകയും ചെയ്യുന്നവയാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസ വ്യവസ്ഥയില്‍ മാറ്റം വരുത്തുകയോ ചെയ്യുമ്പോള്‍ സമ്മര്‍ദ്ദം മൂലം ശരീരത്തിലുള്ള വൈറസിന്റെ തോത് കൂടുവാനും, ശരീര സ്രവങ്ങളിലൂടെ വൈറസുകള്‍ പുറം തള്ളപ്പെടാനും ഇതുമൂലം രോഗവ്യാപനം കൂടാനും ഇടയാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. 

കിണറുകളിലും, ഗുഹകളിലും, ആള്‍താമസം കുറവുള്ള കെട്ടിടങ്ങളിലും, പാലങ്ങളുടെ ചുവട്ടിലും കണ്ടുവരുന്നത് വലുപ്പം കുറഞ്ഞതും ചെറുപ്രാണികളെയും, പല്ലികളെയും കഴിക്കുന്ന മറ്റിനം വവ്വാലുകള്‍ / നരിച്ചീറുകള്‍ ആണ്. മനുഷ്യരുടെ കൂടെ തന്നെ കാലാകാലങ്ങളായി ചേര്‍ന്ന് ജീവിച്ചുവരുന്ന വവ്വാലുകളെ ഭയക്കാതെ ജാഗ്രതയോടെ ജീവിക്കാമെന്നും മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ അറിയിച്ചു.


നിപ പ്രതിരോധം: വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സമിതി 

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചതായി മന്ത്രി എ.കെ ശശീന്ദ്രന്‍. വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം ഉള്ളതായി പഠനങ്ങള്‍ തെളിയിച്ച സാഹചര്യത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളായതിനാല്‍ വവ്വാലുകളെ പിടികൂടുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലുകള്‍ ആവശ്യമാണ്. വവ്വാലുകളെ കുറിച്ചുള്ള ഗവേഷണം നടത്തിയ ശാസ്ത്രജ്ഞന്‍മാരുടേയും വെറ്റിനറി ഡോക്ടര്‍മാരുടേയും ഉപദേശവും ഇക്കാര്യത്തില്‍ ആവശ്യമുള്ളതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതെന്നും മന്ത്രി അറിയിച്ചു.

ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി സമ്പര്‍ക്കം പുലര്‍ത്തുക, വനം വകുപ്പിന്റെ ഭാഗത്തു നിന്നും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുക, വവ്വാലുകളെ പിടിക്കുന്നതും പരിശോധനക്ക് അയക്കുന്നതും സംബന്ധിച്ച എല്ലാ അനുമതികളും ഉടനടി ലഭ്യമാക്കാന്‍ സഹായിക്കുക, വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യതകള്‍ ഒഴിവാക്കുന്നതിന് വേണ്ട കാര്യങ്ങളെക്കുറിച്ച് വിദഗ്ദ്ധോപദേശം നല്‍കുക, പല ഇനം വവ്വാലുകളുടെ ഭക്ഷണ രീതികളെ കുറിച്ചും, മനുഷ്യനുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം വരാതെ സൂക്ഷിക്കാനുളള നടപടികളെ കുറിച്ച് വിദഗ്ദ്ധോപദേശം ലഭ്യമാക്കുക എന്നിവയാണ് കമ്മിറ്റിയുടെ ചുമതലകളെന്ന് മന്ത്രി അറിയിച്ചു. 

'നിപ ഭീഷണിയിലും മുടങ്ങാതെ ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണ വിതരണം'; ഉദ്ഘാടനം ചെയ്ത് മന്ത്രി

YouTube video player