Asianet News MalayalamAsianet News Malayalam

നിപ; യുവാവും ഭാര്യയും ക്വാറന്‍റീന്‍ ലംഘിച്ചതായി പരാതി

നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ വീട്ടില്‍ പോയതിനാലാണ്  ഇരുവരോടും ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നത്.

nipah virus Complaint that young man and his wife violated quarantine in kozhikode nbu
Author
First Published Sep 15, 2023, 11:48 PM IST

കോഴിക്കോട്: നിപ ജാഗ്രത തുടരുന്നതിനിടെ കോഴിക്കോട് നാദാപുരത്ത് യുവാവും ഭാര്യയും ക്വാറന്‍റീന്‍ ലംഘിച്ചതായി പരാതി. നാദാപുരം പഞ്ചായത്തിലെ 19ാം വാര്‍ഡിലാണ് സംഭവം നടന്നത്. നിയന്ത്രണം ലംഘിച്ച് ഇരുവരും ബന്ധുവീട്ടില്‍ പോയതായി ആരോഗ്യ വകുപ്പ് പറയുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും ബന്ധുവീട്ടിലാണെന്ന വിവരമറിഞ്ഞത്. സംഭവത്തില്‍ നാളെ രേഖാമൂലം പൊലീസില്‍ പരാതി നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ വീട്ടില്‍ പോയതിനാലാണ്  ഇരുവരോടും ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നത്.

നിപ ലക്ഷണങ്ങളോടെ കഴിഞ്ഞ മാസം മരിച്ച മരുതോങ്കര സ്വദേശിക്ക് നിപ വൈറസ് ബാധയുണ്ടായിരുന്നതായി ഇന്നാണ് സ്ഥിരീകരിച്ചു. ഇദ്ദേഹം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന സ്രവ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തില്‍ നിന്നാണ് രണ്ടാമത് മരിച്ചയാള്‍ക്ക് നിപ പടര്‍ന്നത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കഴിഞ്ഞ മാസം 30 നാണ് മരുതോങ്കര സ്വദേശി മരിച്ചത്. രണ്ടാമത് മരിച്ച ആയഞ്ചേരി സ്വദേശി ഈ മാസം 11 നാണ് മരിച്ചത്. 

Also Read: നിപയിൽ അതീവ ജാഗ്രത; ആദ്യം മരിച്ചയാള്‍ക്കും രോഗം സ്ഥിരീകരിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി തുടരും

ഈ മാസം അഞ്ചിനാണ് ആയഞ്ചേരി സ്വദേശിക്ക് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആറിനും എഴിനും ബന്ധുവീടുകളിൽ പോയി. ഏഴിന് ആയഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിലെത്തി. എട്ടിന് രാവിലെ ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തട്ടാൻകോട് മസ്ജിദിൽ നമസ്കാരത്തിൽ പങ്കെടുത്തു. തുടര്‍ന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലെത്തി. 9നും 10നും വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. 10ന് വൈകിട്ട് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 11ന് രാവിലെ ഡോ. ജ്യോതികുമാറിന്റെ ക്ലിനികിലെത്തിയെന്നും അവിടെ നിന്ന് വടകര സഹകരണ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും മാറ്റിയെന്നുമാണ് റൂട്ട് മാപ്പ് വ്യക്തമാക്കുന്നത്.

Follow Us:
Download App:
  • android
  • ios