Asianet News MalayalamAsianet News Malayalam

'വവ്വാലുകളുടെ താവളം': പഴശി പാര്‍ക്കിലേക്ക് പ്രവേശനം നിരോധിച്ചു

'വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളുമായി പൊതുജനങ്ങള്‍ സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്. വവ്വാലുകളെ ശല്യപ്പെടുത്തുകയും ചെയ്യരുത്..'

Nipah virus mananthavady pazhassi park closed joy
Author
First Published Sep 14, 2023, 12:56 PM IST

മാനന്തവാടി: കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിന് പിന്നാലെ വയനാട്ടിലും കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കലക്ടര്‍. വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന മാനന്തവാടി പഴശി പാര്‍ക്കിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതായി കലക്ടര്‍ അറിയിച്ചു. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളുമായി പൊതുജനങ്ങള്‍ സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്. വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ ഭക്ഷിക്കുകയോ, വവ്വാലുകളെ ശല്യപ്പെടുത്തുകയോ ചെയ്യരുത്. പട്ടികവര്‍ഗ കോളനികളില്‍ പ്രത്യേക നിപ ജാഗ്രത ബോധവത്കരണം നടത്തുന്നതിന് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. 

കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ വയനാട് ജില്ലയിലേയ്ക്ക് പ്രവേശിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്ന് ജോലി, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വയനാട്ടിലേക്ക് വരുന്നവര്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ തുടരേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ക്ലാസുകള്‍ നടത്തുന്നതിനുള്ള ക്രമീകരണം ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ സ്വീകരിക്കേണ്ടതാണ്. തൊണ്ടര്‍നാട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നതിനും ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. 

മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പര്‍: 04935 240390

അതേസമയം, നിപ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം കോഴിക്കോട് എത്തി. സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറും. ടീമിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയര്‍ റീജിയണല്‍ ഡയറക്ടര്‍ ഏകോപിപ്പിക്കും. എപ്പിഡമോളജിക്കല്‍ വിലയിരുത്തലുകള്‍ക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘം പ്രവര്‍ത്തിക്കുക.

 ഇന്ത്യാ മുന്നണി: കോണ്‍ഗ്രസ് കടുത്ത സമ്മര്‍ദത്തിലാവും; എത്ര സീറ്റ് പിടിക്കണമെന്ന് കണക്കുകള്‍ 
 

Follow Us:
Download App:
  • android
  • ios