കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ വിജയി ആരാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇടത് വലത് ഭേദമില്ലാതെ ഇവിടെെ ജയിക്കുക നിഷ ആയിരിക്കും. ഏത് നിഷയാണ് ജയിക്കുകയെന്ന കാര്യത്തില്‍ മാത്രമാണ് ഇനി അറിയാനുള്ളത്. 

യുഡിഎഫിന് വേണ്ടി  നിഷ ഷാജി പുളിയിക്കക്കുന്നേല്‍ സ്ഥാനാര്‍ത്ഥിയാവുമ്പോള്‍ എല്‍ഡിഎഫിന് വേണ്ടി നിഷ സാനുവും എന്‍ഡിഎയ്ക്ക് വേണ്ടി നിഷ വിജിമോനും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാവുന്നത്. സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന ആളുകളാണ് സ്ഥാനാര്‍ത്ഥികള്‍ മൂന്നുപേരും. വാര്‍ഡിലെ ആളുകളുമായുള്ള അടുപ്പം വിജയത്തിനായി സഹായിക്കുമെന്നാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പ്രതീക്ഷിക്കുന്നത്. പേരിലെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ ചിഹ്നങ്ങളെ പരമാവധി ജനമനസുകളില്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് നിഷമാരും. 

മുന്‍ അധ്യാപികയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഗ്രാഫിക് ഡിസൈനറാണ് നിഷ വിജിമോന്‍. നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന തിയതി കഴിയാതെ വാര്‍ഡില്‍ നിഷമാര്‍ മാത്രമാണോ പോരിനിറങ്ങുകയെന്നത് അവ്യക്തമാണ്. പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷം ഓമന ഭാസിയെ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നും സൂചനയുണ്ട്.