ആധാർ കാർഡ് ഇല്ലാത്തതിനാൽ മറ്റ് രേഖകളും ലഭിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് പോലും തുടങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ഹേമാവതി പറയുന്നു.

കാസർകോട്: ആധാർ കാർഡ് ലഭിക്കാൻ വർഷങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുകയാണ് കാസർകോട് ബദിയഡുക്കയിലെ ഹേമാവതി. വിരലടയാളം പതിക്കാൻ കഴിയുന്നില്ല എന്ന സാങ്കേതികത പറഞ്ഞാണ് ഈ വയോധികയ്ക്ക് ആധാർ കാർഡ് നിഷേധിച്ചിരിക്കുന്നത്. 68 വയസുണ്ട് കാസർകോട് ബദിയഡുക്ക കുമ്ഡിക്കാനയിലെ ഹേമാവതിക്ക്. അസുഖ ബാധിതയായ ഹേമാവതിക്ക് നടക്കാൻ പ്രയാസമുണ്ട്. 

കണ്ണിന് കാഴ്ചക്കുറവും. ആധാർ കാർഡ് കിട്ടാൻ വർഷങ്ങളായുള്ള പരിശ്രമത്തിലാണിവർ. കൈവിരലടയാളം ശേഖരിക്കാൻ കഴിയുന്നില്ല എന്ന കാരണം പറഞ്ഞാണ് എല്ലായിടത്ത് നിന്നും ഈ വയോധികയെ മടക്കുന്നത്. ആധാർ കാർഡ് ഇല്ലാത്തതിനാൽ മറ്റ് രേഖകളും ലഭിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് പോലും തുടങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ഹേമാവതി പറയുന്നു. ഹേമാവതിയുടെ ആധാർ ആഗ്രഹം സാധിപ്പിക്കാനായി ഓടി നടന്നെങ്കിലും ഇനി ആരെ സമീപിക്കണം എന്നറിയാതെ ആശങ്കയിലാണ് ഭർത്താവ് ശ്രീകൃഷ്ണ ഭട്ട്. താൻ മരിക്കുന്നതിന് മുമ്പെങ്കിലും ആധാർ കാർഡ് ലഭിക്കാൻ ആരെങ്കിലും സഹായിക്കാമോ എന്നാണ് ഹേമാവതിയുടെ അപേക്ഷ.