തൃശൂര്‍: കൊരട്ടിയിലെ എ.ടി.എം കവര്‍ച്ച ചെയ്ത പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാതെ പൊലീസ് നട്ടംതിരിയുന്നു. കവര്‍ച്ചയെ കുറിച്ച് വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം പുരോഗമിക്കുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ് അന്വേഷണ സംഘം. മോഷണം ഗോരഘ്പൂര്‍ മോഡല്‍ കവര്‍ച്ചയാണ് നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ രണ്ട് സംഘങ്ങളായി തിരിഞ്ഞ് നൂറോളം വരുന്ന ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. എറണാകുളം സിറ്റി കമ്മീഷണര്‍ എന്‍.പി.ദിനേശിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ചാലക്കുടിയിലെ പന്ത്രണ്ടംഗ സംഘത്തെ നിയന്ത്രിക്കുന്നത് ഡിവൈ.എസ്.പി സി.ആര്‍.സന്തോഷാണ്. ഇതിന് പുറമെയാണ് കോട്ടയം സിറ്റി കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന 30 അംഗ അന്വേഷണ സംഘം.

ഒക്ടോബര്‍ 12 ന് പുലര്‍ച്ചെയാണ് കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് പത്ത് ലക്ഷം രൂപ മോഷ്ടാക്കള്‍ കവര്‍ന്നത്. അതേ ദിവസം തന്നെ കൊച്ചി ഇരുമ്പനത്തെ എ.ടി.എമ്മില്‍ നിന്നും 25 ലക്ഷം രൂപ സംഘം കവര്‍ന്നിരുന്നു. കവര്‍ച്ചക്കാര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ചാലക്കുടിയിലെ സ്‌കൂള്‍ മൈതാനിയില്‍ നിന്നും കണ്ടെത്തുകയും പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നുവെങ്കിലും കവര്‍ച്ചക്കാരെ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

തൃശൂരിലെ ഡോഗ് സ്‌ക്വാഡിലെ റാണി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വാഹനത്തില്‍ നിന്നും ഗവ.ബോയ്‌സ് സ്‌കൂളില്‍ മുറ്റത്തേക്ക് കടന്നതാണെന്ന് തെളിഞ്ഞത്. സ്‌കൂളിന്റെ കിഴക്ക് ഭാഗത്തു കൂടി അകത്തു കടന്ന നായ, നഗരസഭ ഓഫീസിന്റെ എതിര്‍ഭാഗത്തുള്ള മതിലുവരെ ഓടി. ഇവിടെ മതില്‍ ഇടിഞ്ഞു കിടക്കുന്ന ഭാഗത്തു കൂടി മോഷ്ടാക്കള്‍ റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നു പോയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. 

പൊലീസ് നായ മണം പിടിച്ച് നടന്ന ഭാഗത്തെ കാമറ പരിശോധിച്ചപ്പോള്‍ വേഷം മാറിയ മോഷ്ടാക്കള്‍ നടന്നു പോകുന്ന ദൃശ്യം ലഭിച്ചിരുന്നു. ഇവര്‍ ചാലക്കുടി സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം. ഇതുവഴി പ്രതികള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് പോയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. 

വാഹനം ഉപേക്ഷിച്ച ഭാഗത്ത് രക്തക്കറ കണ്ടെത്തിയതും പൊലീസ് പരിശോധിച്ചു. എന്നാല്‍ ഈ ഭാഗത്തേക്ക് പൊലീസ് നായ എത്തിയിരുന്നില്ല. എ.ടി.എം കൗണ്ടറിലെ കാമറകളില്‍ കണ്ട പ്രതികളുടെ ദൃശ്യങ്ങളുമായി ചാലക്കുടിയില്‍ നടന്നു പോകുന്നവരുടെ ദൃശ്യങ്ങളോട്  സാദൃശ്യമുണ്ടെന്ന കാര്യം ഇതുവരേയും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.