Asianet News MalayalamAsianet News Malayalam

കണ്ണൂർ കോർപ്പറേഷനിൽ പി കെ രാഗേഷിനെതിരെ 'അവിശ്വാസ'പ്പോരാട്ടത്തിന് എൽഡിഎഫ്

വിമതനായിരുന്ന, എൽഡിഎഫിനൊപ്പം പോയ, പി കെ രാഗേഷിനെതിരായ അമർഷം യുഡിഎഫിലുണ്ട്. ഇത് മുതലെടുക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. എന്നാൽ അവിശ്വാസ പ്രമേയം പാസ്സാകാനുള്ള അംഗബലം എൽഡിഎഫിനില്ല.

no confidence motion against pk ragesh in kannur corporation by pk ragesh
Author
Kannur, First Published Aug 19, 2019, 5:48 PM IST

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ വീണ്ടും അവിശ്വാസപ്രമേയത്തിന് കളമൊരുങ്ങുന്നു. ഡെപ്യൂട്ടി മേയറായ പി കെ രാഗേഷിനെതിരെ അവിശ്വാസപ്രമേയത്തിന് എൽഡിഎഫ് നോട്ടീസ് നൽകി. മേയർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ശനിയാഴ്ച പാസ്സായതിനെത്തുടർന്ന് എൽഡിഎഫിന് കണ്ണൂർ കോർപ്പറേഷന്‍റെ ഭരണം നഷ്ടമായിരുന്നു. എൽഡിഎഫിനൊപ്പം നിന്ന കോൺഗ്രസ് വിമതൻ പി കെ രാഗേഷിന്‍റെ ബലത്തിലായിരുന്നു മുന്നണി കണ്ണൂർ കോർപ്പറേഷൻ ഭരിച്ചിരുന്നത്. പി കെ രാഗേഷ് വീണ്ടും കളംമാറിച്ചവിട്ടി യുഡിഎഫിനൊപ്പം തന്നെ പോയതോടെ, എൽഡിഎഫ് താഴെ വീണു. 

നഗരസഭാ ഭരണം എൽഡിഎഫിന്‍റെ പക്കൽ നിന്ന് പോയെങ്കിലും ഡെപ്യൂട്ടി മേയർ സ്ഥാനത്ത് പി കെ രാഗേഷ് തന്നെ തുടരുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായാണ് എൽഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത് പി കെ രാഗേഷടക്കമുള്ള ഭരണസമിതിക്കെതിരെയാണ്. മേയർക്ക് സ്ഥാനം നഷ്ടമായെങ്കിൽ സ്വാഭാവികമായും പി കെ രാഗേഷിനും അധികാരം നഷ്ടമാകുമെന്ന് എൽഡിഎഫ് വാദിച്ചിരുന്നു. പി കെ രാഗേഷിന്‍റെ നിലപാട് വഞ്ചനയാണെന്ന് പറഞ്ഞ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അന്ന് തന്നെ, അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നതാണ്. 

ഭരണം മാറാൻ ഒരു വർഷം മാത്രം ശേഷിക്കേയാണ്, മേയർ ഇ പി ലതയ്ക്ക് എതിരെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അവിശ്വാസപ്രമേയത്തിനെ അനുകൂലിച്ച് 28 പേർ വോട്ട് ചെയ്തപ്പോൾ എതിർത്തത് 26 പേർ മാത്രം. നേരിയ ഭൂരിപക്ഷത്തിൽ അവിശ്വാസപ്രമേയം പാസ്സായി. 

കണ്ണൂർ കോർപ്പറേഷനിൽ 27 വീതമായിരുന്നു ഇരുമുന്നണികൾക്കും ഉണ്ടായിരുന്ന അംഗബലം. ഒരു അംഗം ഈയിടെ മരിച്ചു. ഇതോടെ ഇടതിന്‍റെ പിന്തുണ അംഗബലം 26 ആയി കുറഞ്ഞു. ഈ തക്കം നോക്കിയാണ് യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഇത് തന്നെ കൗൺസിൽ യോഗത്തിൽ വലിയ വിവാദമായതാണ്. ഒരു അംഗം മരിച്ച സമയത്ത് തന്നെ ഇത്തരം നടപടിയിലേക്ക് യുഡിഎഫ് നീങ്ങിയതിനെതിരെ മുൻ മേയർ ഇ പി ലതയും രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. 

കെപിസിസി ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണനാണ് പുതിയ മേയർ. പി കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തുടരും. ആറ് മാസത്തിന് ശേഷം ഭരണം മുസ്ലീം ലീഗിന് നൽകാമെന്നാണ് ധാരണ. 

കെ സുധാകരനോട് ഇടഞ്ഞ പി കെ രാഗേഷ് ആദ്യം കളം മാറ്റിച്ചവിട്ടിയതോടെയാണ്, കണ്ണൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് കിട്ടിയത്. പ്രത്യുപകാരമായി ഡെപ്യൂട്ടി മേയർ പദവി പി കെ രാഗേഷിന് സിപിഎം നൽകി. എന്നാലിപ്പോൾ രാഗേഷിനെ സ്വന്തം മുന്നണിയിൽ ഒപ്പം നിർത്താനാകുമെന്ന് ഉറപ്പ് കിട്ടിയതോടെയാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തിലേക്ക് നീങ്ങിയത്. 

ഏതെങ്കിലും വോട്ട് അസാധുവാകുകയോ സാങ്കേതിക പിഴവുകളോ ഉണ്ടായാൽ തിരിച്ചടിയാകും എന്നതൊഴിച്ചാൽ കണക്കുകളിൽ തികഞ്ഞ ആത്മവിശ്വാസമായിരുന്നു യുഡിഎഫിന്. കഴിഞ്ഞ തവണ വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഇങ്ങനെ പിഴവ് പറ്റി ഇടതുമുന്നണി വിജയിച്ചിരുന്നു. 

അതേസമയം, നിർണായക  കൗൺസിൽ യോഗത്തിൽ നിന്നും വോട്ടെടുപ്പിൽ നിന്നും കണ്ണൂർ കളക്ടർ മാധ്യമങ്ങളെ പുറത്താക്കിയിരുന്നു. വോട്ടെടുപ്പ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയതിൽ പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു.  കനത്ത പൊലീസ് കാവലിലായിരുന്നു നടപടികൾ.

Follow Us:
Download App:
  • android
  • ios