ഇടുക്കി: കുടിവെള്ളം കിട്ടാക്കനിയായി ഇടുക്കി പൂമാല മേത്തൊട്ടിയിലെ ആദിവാസി മേഖല. കുടിവെള്ള പദ്ധതിക്കായി ജലനിധി അരക്കോടി ചെലവിട്ടെങ്കിലും പൈപ്പിൽ ഇതുവരെ വെള്ളമെത്തിയിട്ടില്ല. അഴിമതി പുറത്ത് വരാതിരിക്കാൻ കുടിവെള്ള പദ്ധതി പഞ്ചായത്ത് കമ്മീഷൻ ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൂമാല മേത്തൊട്ടിയിലെ 102 വീടുകളിൽ കഴിഞ്ഞ രണ്ട് വർഷമായി വെള്ളം കിട്ടുന്നില്ല. 

വേനാലായാൽ ഈ മേഖലയിലെ ജലസ്രോതസ്സുകളെല്ലാം വറ്റും. ഇതുനിമിത്തം ആറ് വർഷം മുമ്പ് ജലനിധിയുടെ നേതൃത്വത്തിൽ കുടിവെള്ള പദ്ധതി നിർമാണം തുടങ്ങി. കുളം നിർമിച്ചു, മോട്ടോർ സ്ഥാപിച്ചു, മലമുകളിൽ ടാങ്ക് പണിതു, വീടുകളിലേക്ക് പൈപ്പുമിട്ടു. പക്ഷേ വെള്ളം മാത്രം കിട്ടിയില്ല. മലമുകളിൽ നിന്ന് ശക്തിയിൽ വെള്ളമെത്തുന്നതിനാൽ മർദ്ദം നിമിത്തം താഴ്ഭാഗങ്ങളിൽ പൈപ്പ് പൊട്ടുന്നത് പതിവാണ്.

കനമുള്ള ജിഐ പൈപ്പിന് പകരം പിവിസി പൈപ്പടക്കം ഉപയോഗിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഇതിൽ അഴിമതിയുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പദ്ധതി നടത്തിപ്പിലെ ഗുണഭോക്തൃ സമിതിയുടെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് വെള്ളിയാമറ്റം പഞ്ചായത്തിന്‍റെ വിശദീകരണം. എന്നാൽ, പദ്ധതി പൂർത്തിയായിട്ടും കമ്മീഷൻ ചെയ്യാത്തതെന്തേ എന്ന ചോദ്യത്തിന് പഞ്ചായത്തിന് മറുപടിയില്ല.