ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലയില്‍ 23,500 ഏജന്റുമാരാണ് ജോലിയില്‍ തുടരാതെ പോയത്. അതേസമയം, പൊതുമേഖലയിലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ 18,000 പുതിയ ഏജന്റുമാരെ നിയമിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു

തൃശൂര്‍: തൊഴില്‍ സുരക്ഷയില്ലാത്തതിന്‍റെ പേരില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്ന് കാല്‍ ലക്ഷത്തോളം അഭ്യസ്ത വിദ്യരായ യുവാക്കള്‍ ജോലി ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടയിലാണ് കുറഞ്ഞ കാലയളവ് മാത്രം ജോലിയില്‍ പ്രവേശിച്ച കാല്‍ ലക്ഷത്തിലധികം പേര്‍ ജോലിയൊഴിഞ്ഞതെന്ന് ഇന്‍ഷൂറന്‍സ് മേഖലയിലെ സംഘടനകളും സ്ഥിരീകരിക്കുന്നു.

മിക്ക കമ്പനികളും കമ്മീഷന്‍ വ്യവസ്ഥയിലാണ് ഇവരുടെ വേതനം നല്‍കുന്നത്. അടിസ്ഥാന ശമ്പളമോ, ഇ എസ് ഐ, പി എഫ് അടക്കമുള്ള ആനുകൂല്യങ്ങളോ ഇല്ലന്ന പരാതികളും സജീവമാണ്. നേടിയെടുക്കാന്‍ കഴിയാത്ത വിധത്തിലുള്ള വമ്പന്‍ ടാര്‍ഗറ്റുകളാണ് കൊഴിഞ്ഞു പോക്കിന്‍റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആവേശത്തോടെ ജോലിയില്‍ പ്രവേശിക്കുന്ന ഇവര്‍ക്ക് രണ്ടോ, മൂന്നോ വര്‍ഷം പോലും തുടര്‍ച്ചയായി ഒരു കമ്പനിയില്‍ ജോലിയില്‍ തുടരാനാവില്ല.

ഏജന്റുമാര്‍ക്ക് നല്‍കുന്ന ടാര്‍ഗറ്റിനേക്കാള്‍ ഉപരിയാണ് കമ്പനിയുടെ വാഗ്ദാനങ്ങളും. കേട്ടാള്‍ ഉപഭോക്താവ് ഞെട്ടിപ്പോകുന്ന വമ്പന്‍ വാഗ്ദാനങ്ങളാവുമെങ്കിലും ഇതൊരിക്കലും ഉപഭോക്താവിന് ലഭിക്കാത്തതുമായിരിക്കും. മെഡിക്കല്‍ ഇന്‍ഷുറന്‍സിലെ ക്‌ളെയിം അനുപാതം ഇതിന് ഉദാഹരണമാണ്. ചികില്‍സ ആവശ്യം വരാവുന്ന കുറേപേരില്‍ നിന്ന് പ്രീമിയം സ്വീകരിച്ച് അത് ഒരു വര്‍ഷത്തേക്ക് സൂക്ഷിച്ച് ചികില്‍സ വേണ്ടി വരുന്നവര്‍ക്ക് ചിലവ് നികത്തി നല്‍കും.

 ആകെ പ്രീമിയത്തിന്റെ 70 ശതമാനം വരെ മാത്രമേ ക്‌ളെയിം ഇനത്തില്‍ നല്‍കാവൂ. 30 ശതമാനം ഭരണനിര്‍വഹണ ചിലവുകള്‍ക്ക് മാറ്റിവെക്കാനുള്ളതാണെന്ന ആനുപാതമാണ് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്ക് കമ്പനികള്‍ നല്‍കുന്നത്. ഈ ആനുപാതം നിലനിറുത്തേണ്ടത് ഏജന്റുമാരുടെ ഉത്തരവാദിത്വമാണ്. അതിന് മുകളിലേക്ക് വിടരുതെന്ന കമ്പനിയുടെ അലിഖിത ശാസന ഏജന്റിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇതോടെ ജോലിയുപേക്ഷിക്കുകയെന്നതല്ലാതെ വഴിയില്ലെന്ന് മൂന്ന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ യൗവ്വനകാലം പ്രവര്‍ത്തിച്ച് ജോലിയുപേക്ഷിച്ച തൃശൂര്‍ സ്വദേശി സജീവ് പറയുന്നു.

ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലയില്‍ 23,500 ഏജന്റുമാരാണ് ജോലിയില്‍ തുടരാതെ പോയത്. അതേസമയം, പൊതുമേഖലയിലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ 18,000 പുതിയ ഏജന്റുമാരെ നിയമിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. രാജ്യത്ത് പത്ത് ലക്ഷത്തോളം ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍ (9.33 ലക്ഷം) ഉണ്ടെന്നാണ് ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ കണക്ക്.