തൃശൂര്‍ ദേശീയപാതയിലെ ആമ്പല്ലൂര്‍ അടിപ്പാതയുടെ പാര്‍ശ്വഭിത്തിയിലെ കോണ്‍ക്രീറ്റ് ബ്ലോക്ക് ഇളകിയ നിലയിലാണ്. ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അടിഭാഗം ഇടിയുമെന്ന ആശങ്കയില്‍ നാട്ടുകാര്‍ പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുത്തിട്ടില്ല.
തൃശൂര്‍: ദേശീയപാതയിലെ ആമ്പല്ലൂര്‍ അടിപ്പാതയുടെ പാര്‍ശ്വഭിത്തിയിലെ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഇളകിയ നിലയില്‍. തൃശൂര്‍ ഭാഗത്തേക്കുള്ള പാതയില്‍ ആമ്പല്ലൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്‍പിലുള്ള പാര്‍ശ്വഭിത്തിയുടെ അടിഭാഗത്തുള്ള കോണ്‍ക്രീറ്റ് ബ്ലോക്കാണ് പുറത്തേക്ക് തള്ളിനില്‍ക്കുന്നത്. മഴ ശക്തമായതോടെ വെള്ളം ബ്ലോക്കുകള്‍ക്കുള്ളിലൂടെയാണ് ഒഴുകുന്നത്. പാലത്തില്‍ ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇളക്കമുള്ള അടിഭാഗം ഇടിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പ്രശ്‌നത്തില്‍ പ്രദേശവാസികള്‍ പലതവണ ദേശീയപാത പ്രോജക്റ്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടും വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്ന ആരോപണമുണ്ട്.
നേരത്തേ അടിപ്പാതയുടെ തൂണുകള്‍ക്കായി ആമ്പല്ലൂര്‍ സെന്‍ററില്‍ എടുത്ത കുഴി മൂടി വീണ്ടും കുഴിക്കേണ്ടി വന്നത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇളക്കമുള്ള മണ്ണില്‍ ശരിയായ ബലപരിശോധന നടത്താതെയാണ് അടിപ്പാത നിര്‍മ്മാണം തുടങ്ങിയതെന്ന ആരോപണം അന്നേയുണ്ടായിരുന്നു. തുടര്‍ച്ചയായുണ്ടായ അപകടങ്ങളെ തുടര്‍ന്ന് ദേശീയപാത അതോറിറ്റി ബ്ലാക്ക് സ്‌പോട്ടായി പ്രഖ്യാപിച്ച പതിനൊന്നിടങ്ങളില്‍ ഉള്‍പ്പെട്ട ആമ്പല്ലൂരിലെ അടിപ്പാത പണിപൂര്‍ത്തിയാവുകയും അനൗദ്യോഗികമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തതുമാണ്.
തമിഴ്‌നാട് നമക്കല്‍ നല്ലിപ്പാളയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിഎസ്‍ടി എഞ്ചിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല. എന്നാല്‍ നിശ്ചിത സമയത്ത് അടിപ്പാത പണി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതോടെ ഈ കമ്പനിയെ ദേശീയപാത അതോറിറ്റി തുടര്‍ന്നുള്ള കരാറുകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനുശേഷം ആരംഭിച്ച പുതുക്കാട്, മരത്താക്കര, നടത്തറ മേല്‍പ്പാലങ്ങളുടെ നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത് ഹരിയാന ആസ്ഥാനമായുള്ള ധരിവാള്‍ ബില്‍ഡ് ടെക്ക് ലിമിറ്റഡിനാണ്.
ആലപ്പുഴയിലും കണ്ണൂരും കോഴിക്കോടും മേല്‍പ്പാലങ്ങള്‍ നിര്‍മാണത്തിനിടെ തകര്‍ന്ന സംഭവങ്ങള്‍ ഉണ്ടായത് പ്രദേശവാസികളെയും വാഹനയാത്രികരെയും ആശങ്കയിലാക്കുന്നുണ്ട്. ദേശീയപാതയിലെ നിര്‍മാണത്തിലെ അപാകതകളെക്കുറിച്ച് പരാതിപ്പെടാനോ നിര്‍മാണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന് പാലക്കാട് ചന്ദ്രനഗറിലെ ദേശീയപാത അതോറിറ്റി ഓഫീസുമായി ബന്ധപ്പെടുക മാത്രമേ മാര്‍ഗമുള്ളൂ. എന്നാല്‍ അധികൃതരെ നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.


