ചെന്ത്രാപ്പിന്നിയിലെ മൊബൈല്‍ ഷോപ്പില്‍ ഫോണ്‍ നന്നാക്കാനെത്തിയ യുവാവിനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ സ്റ്റേഷന്‍ റൗഡികളായ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: മൊബൈല്‍ ഷോപ്പില്‍ മൊബൈല്‍ നന്നാക്കാന്‍ വന്ന യുവാവിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ സ്റ്റേഷന്‍ റൗഡികളായ രണ്ട് പ്രതികള്‍ അറസ്റ്റില്‍. ചെന്ത്രാപ്പിന്നിയില്‍ മൊബൈല്‍ ഷോപ്പിലെത്തിയ യുവാവിനെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും, ഭീഷണിപ്പെടുത്തി പണം കവരുകയും ചെയ്ത സംഭവത്തില്‍ സ്റ്റേഷന്‍ റൗഡി ലിസ്റ്റിലുള്ള ചെന്ത്രാപ്പിന്നി കണ്ണനാംകുളം എറാക്കല്‍ വീട്ടില്‍ 'അനു' എന്ന് വിളിക്കുന്ന സൂരജ് (40), ഒല്ലൂര്‍ പൊന്നൂക്കര പുറങ്ങാപറമ്പില്‍ വീട്ടില്‍ വിഷ്ണു (33) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂലൈ 12ന് വൈകുന്നേരം ആറേമുക്കാലോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചെന്ത്രാപ്പിന്നി ജംഗ്ഷന് പടിഞ്ഞാറ് വശത്തുള്ള 'ഈസി മൊബൈല്‍'-ഷോപ്പില്‍ ഫോണ്‍ നന്നാക്കാനെത്തിയ ചാമക്കാല സ്വദേശി യദുവിനെ (31), യാതൊരു പ്രകോപനവുമില്ലാതെ പ്രതികള്‍ കടയ്ക്കുള്ളില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കൈകള്‍ കൊണ്ടും കീചെയിനിലുണ്ടായിരുന്ന ചെറിയ കത്രിക ഉപയോഗിച്ചും പ്രതികള്‍ യദുവിനെ പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് യദുവിന്റെ സ്‌കൂട്ടര്‍ താക്കോല്‍ ബലമായി പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തി, ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഗൂഗിള്‍ പേ വഴി ആയിരം രൂപ പ്രതികള്‍ തട്ടിയെടുത്തു.

കയ്പമംഗലം പോലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ പേരുള്ള സൂരജ് മതിലകം വലപ്പാട് കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധികളിലായി ഒരു വധശ്രമക്കേസിലും അഞ്ച് വധശ്രമക്കേസിലും ആയുധ നിയമപ്രകാരമുള്ള മൂന്ന് കേസിലും കാപ്പ നിയമപ്രകാരം നാടുകടത്തിയ കേസിലും കാപ്പ നാടുകടത്തല്‍ ഉത്തരവ് ലംഘിച്ചതിന് ജയിലിലാക്കിയ കേസിലും പതിമൂന്ന് അടിപിടിക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം 25 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്.

ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ പേരുള്ള വിഷ്ണു രണ്ട് കവര്‍ച്ചക്കേസിലും നാല് അടിപിടിക്കേസിലും മനുഷ്യജീവന് അപകടം വരത്തവിധം വാഹനമോടിച്ച് അപകടമുണ്ടാക്കിയ രണ്ട് കേസിലും അടക്കം എട്ട് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. കയ്പമംഗലം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ബിജിത്ത്, എസ്.ഐ. മണികണ്ഠന്‍, ജി.എ.എസ്.ഐമാരായ രാജേഷ് പി.വി., രാജേഷ് പി.കെ., ജോബി, ജോസഫ്, രമേഷ്, ജി.എസ്.സി.പി.ഒമാരായ സുനില്‍കുമാര്‍, ജ്യോതിഷ്, രജനീഷ്, സിനോജ്, സി.പി.ഒ. വിപിന്‍ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.