പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോര്‍ പൂട്ടുന്നത് എന്നായിരുന്നു കള്ളന്റെ നിരാശ കലര്‍ന്ന ആ കുറിപ്പ്. മോഷ്ടിക്കാൻ കയറിയ കടയിൽ പണമില്ലാത്തതിലെ നിരാശയിലെഴുതിയ കുറിപ്പ് കണ്ട് അന്തം വിട്ടിരിക്കുകയാണ് കടക്കാര്‍.
തൃശൂര്‍: മോഷ്ടിക്കാൻ എത്തിയിട്ട് സ്ഥലത്തുനിന്ന് ഒന്നും കിട്ടാതെ പുറത്തിറങ്ങേണ്ടിവന്ന കള്ളന്റെ അവസ്ഥ എന്തായിരിക്കും. ഇത്തിരി നിരാശയോടെയും അരിശത്തോടെയുമായിരിക്കും ആ മടക്കം എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ പറയുന്നത്. കുന്നംകുളത്തെ കടകളിൽ മോഷണം നടത്തിയ കള്ളനാണ് അമ്പരപ്പിച്ച കുറിപ്പെഴുതി വച്ചത്.
'പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോര്‍ പൂട്ടിയത്' എന്നായിരുന്നു കള്ളന്റെ നിരാശ കലര്‍ന്ന ആ കുറിപ്പ്. മോഷ്ടിക്കാൻ കയറിയ കടയിൽ പണമില്ലാത്തതിലെ നിരാശയിലെഴുതിയ കുറിപ്പ് കണ്ട് അന്തം വിട്ടിരിക്കുകയാണ് കടക്കാര്‍. ബൈജു ആർക്കേഡ് ഷോപ്പിങ് കോംപ്ലക്സിലെ കടകളിലാണ് മോഷണം നടന്നത്.
കോംപ്ലക്സിലെ മൂന്ന് കടകളിൽ നിന്നായി 13000 രൂപയോളമാണ് നഷ്ടമായത്. ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് ഒരു ജോഡി വസ്ത്രവും മോഷണം പോയി. തുണിക്കടയിൽ പണമൊന്നും സൂക്ഷിച്ചിരുന്നില്ല. ഗ്ലാസിന്റെ വാതിലുകളായിരുന്നു കടയിൽ ഉണ്ടായിരുന്നത്. ഗ്ലാസ് പൊളിച്ചാണ് ഇയാൾ അകത്തുകടന്നത്. എന്നാൽ അകത്ത് പണം ഇല്ലെന്നതാണ് കള്ളനെ ചൊടിപ്പിച്ചത്. പോകുന്നതിന് മുമ്പ് പൊട്ടിച്ചിട്ട ഗ്ലാസിൽ പേനകൊണ്ടാണ് കള്ളൻ കുറിപ്പെഴുതിയത്.
പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോര്‍ പൂട്ടിയത് എന്ന നിരാശാജനകമായ വാക്കിന് പുറമെ വെറുതേ തല്ലിപ്പൊളിച്ചതല്ലേ ഒരു ജോഡി വസ്ത്രം മാത്രം എടുക്കുന്നു എന്നും എഴുതി വച്ചിട്ടുണ്ട്. സമീപത്തെ മറ്റൊരു കടയിലും മോഷണം ശ്രമം നടന്നിട്ടുണ്ടെങ്കിലും പണം നഷ്ടമായിട്ടില്ല. രാവിലെ കട തുറക്കാൻ എത്തിയവരാണ് മോഷണശ്രമം നടന്നതായി കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് കള്ളന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
