മലപ്പുറം: ജില്ലയിൽ തിങ്കളാഴ്ച പുതിയതായി ആർക്കും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി 1,041 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എൻഎം മെഹറലി  അറിയിച്ചു. 12,053 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 

157 പേർ  വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 151 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ  നാല് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 10,719 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 

1,177 പേർ കോവിഡ് കെയർ സെന്ററുകളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു. കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയിൽ 49 പേരാണ്  നിലവിൽ ചികിത്സയിലുള്ളത്. 46 പേർ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്. ഇവരെ കൂടാതെ ഒരു ആലപ്പുഴ സ്വദേശിനിയും ഒരു പാലക്കാട് സ്വദേശിയും മഞ്ചേരി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്.  നിലവിൽ രോഗബാധിതരായുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.