മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല

അമ്പലപ്പുഴ: ചികിത്സയില്‍ കഴിയവെ മരിച്ച പുന്നപ്ര ശാന്തിഭവനിലെ അന്തേവാസിക്ക് അന്ത്യവിശ്രമത്തിന് ഖബര്‍ ഒരുക്കി മസ്ജിദ് ഭാരവാഹികള്‍. ഒന്നര വർഷമായി ശാന്തി ഭവനിലെ അന്തേവാസിയായിരുന്ന മൊയ്നുദ്ദീൻ (71) ൻ്റെ മൃതദേഹമാണ് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം സംഘം പള്ളി കബർസ്ഥാനിൽ മസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തില്‍ അടക്കം ചെയ്തത്. 

പട്ടിണി കൂട്ടായി വഴിയോരം കിടപ്പാടമാക്കിയ വയോധികനെ 2023 മെയില്‍ മണ്ണഞ്ചേരി പൊലീസാണ് പുന്നപ്ര ശാന്തിഭവനില്‍ എത്തിച്ചത്. രണ്ടാഴ്ചയായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല.

പൊതുപ്രവര്‍ത്തകനായ സുല്‍ത്താന നൗഷാദാണ് വിവരം മസ്ജിദ് ഭാരവാഹികളെ അറിയിക്കുന്നത്. തുടര്‍ന്നാണ് മൊയ്നുദ്ദീന്‍റെ അന്ത്യവിശ്രമത്തിനായി ഖബറിടം ഒരുങ്ങുന്നത്. പകല്‍ പന്ത്രണ്ടോടെ പള്ളിഭാരവാഹികള്‍ ഏറ്റുവാങ്ങിയ മൃതദേഹം മറ്റ് ചടങ്ങുകള്‍ക്ക് ശേഷം പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം സംഘം പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്തു. പള്ളി ഭാരവാഹികള്‍, ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനും മറ്റ് ജീവനക്കാരും ഖബറടക്കത്തില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം