Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധിയിൽ വേദികളില്ലാതായി, ആത്മഹത്യയുടെ വക്കിൽനിന്ന് തിരിഞ്ഞ് നടക്കുന്നുവെന്ന് കലാകാരൻ പുന്നപ്ര മധു

വരുമാനം നിലച്ച് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചവേളയിൽ വയലാറിന്റെ പ്രശസ്തമായ ‘മരിക്കാൻ ഞങ്ങൾക്കു മനസ്സില്ല, കരയാൻ ഞങ്ങൾക്കു മനസ്സില്ല’ എന്ന വരികളാണു പുന്നപ്ര മധു ഓർത്തത്...

no programmes for artists amid covid crisis says punnapra madhu
Author
Alappuzha, First Published Sep 18, 2021, 10:51 PM IST

ആലപ്പുഴ: വേദികൾ ഇല്ലാതായതോടെ ജീവിതത്തോട് പടവെട്ടുകയാണ് കലാകാരനായ പുന്നപ്ര മധു. വരുമാനം നിലച്ച് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചവേളയിൽ വയലാറിന്റെ പ്രശസ്തമായ ‘മരിക്കാൻ ഞങ്ങൾക്കു മനസ്സില്ല, കരയാൻ ഞങ്ങൾക്കു മനസ്സില്ല’ എന്ന വരികളാണു പുന്നപ്ര മധു ഓർത്തത്. പുന്നപ്ര-വയലാർ സമരഭൂമിക്ക് അധികം അകലെയല്ലാതെ വീടിനോടുചേർന്ന് ആരംഭിച്ച കച്ചവടസ്ഥാപനം ഇപ്പോൾ മധുവിന്റെ അതിജീവനത്തിനുള്ള വേദിയാണ്. 

മിമിക്രി താരവും നടനുമായ പുന്നപ്ര മധു വ്യാഴാഴ്ചയാണു പുന്നപ്ര കപ്പക്കടയ്ക്കുസമീപം സ്വന്തം വീടിനോടുചേർന്ന് ‘മാതാപിതാ’ എന്ന പേരുള്ള സ്റ്റേഷനറിക്കട തുടങ്ങിയത്. കലാരംഗത്തു പ്രാവീണ്യം നേടിയ അച്ഛൻ എൻ. വി. കെ. അറവുകാടിനെ ഗുരുവാക്കി ചെറിയപ്രായത്തിലേ ഈ മേഖലയിലെത്തിയതാണു മധു. എൽ. പി. സ്കൂളിൽ പഠിക്കുമ്പോൾ ഓട്ടൻതുള്ളൽ വേദിയിലവതരിപ്പിച്ചു. പിന്നീടു മിമിക്രിയിലേക്കു മാറി. 

19-ാമത്തെ വയസ്സിൽ രാജൻ പി. ദേവിന്റെ ജൂബിലി തീയറ്റേഴ്സിൽ കലാകാരനായി. അദ്ദേഹത്തിന്റെ പ്രശസ്തമായ പന്ത്രണ്ടിലധികം നാടകങ്ങളിൽ സഹസംവിധായകനായി. 29 വർഷം മുൻപ് അനുജൻ പുന്നപ്ര മനോജുമായി ചേർന്ന് ആരംഭിച്ച കൊച്ചിൻ സ്റ്റേജ് ഇന്ത്യ എന്ന ട്രൂപ്പുമായി കേരളത്തിലങ്ങോളമിങ്ങോളം പരിപാടി അവതരിപ്പിച്ചു. കാഥികൻ വി. ഡി. രാജപ്പന്റെ അനുകരണമാണു മധുവിനെ ഏറെ ശ്രദ്ധേയനാക്കിയത്. 

ജസ്പാൽ ഷൺമുഖത്തിന്റെ എന്റെ കല്ലുപെൻസിൽ, എ. ടി. എം. തുടങ്ങിയവയാണ് ആദ്യം മുഖം കാണിച്ച ചിത്രങ്ങൾ. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ വിനയനാണ് ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം നൽകിയത്. വിനയന്റെ തന്നെ ആകാശഗംഗ-2, ജിബു ജേക്കബ്ബിന്റെ ആദ്യരാത്രി എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 

വിനയന്റെ ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രം പൂർത്തിയാകാനുണ്ട്. രണ്ടുവർഷമായി വേദികൾ ഇല്ലാതായതോടെയാണ് മറ്റെല്ലാ കലാകാരന്മാരെയെപ്പോലെ മധുവും പ്രതിസന്ധിയിലാകുന്നത്. ഓൺലൈൻ പരിപാടികളിലും വരുമാനം കണ്ടെത്താനായില്ല. കടുത്ത പ്രതിസന്ധിയിലായതോടെയാണ് കട തുടങ്ങിയത്. ഭാര്യ മായയും ഡിഗ്രി വിദ്യാർഥി മഹാദേവനും ഒൻപതാം ക്ലാസ് വിദ്യാർഥി മഹേശ്വറും അടങ്ങുന്നതാണ് പുന്നപ്ര മധുവിന്റെ കുടുംബം.

Follow Us:
Download App:
  • android
  • ios