ജില്ലയില്‍ സാധാരണ പനിബാധിതരുടെ എണ്ണം കൂടുകയാണ്. ഈ മാസം ഇതുവരെ 6,429 പേര്‍ ചികിത്സ തേടി. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇതുവരെ 31 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു

കല്‍പ്പറ്റ: എലിപ്പനി മൂലം വയനാട്ടില്‍ ആരും മരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക. സംശയാസ്പദമായ ഒരു മരണം മാത്രമാണുണ്ടായതെന്നും ഡിഎംഒ അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഡിഎംഒ ഇക്കാര്യം അറിയിച്ചത്.

വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ കൊതുക് പെരുകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം നീക്കം ചെയ്‌തെങ്കില്‍ മാത്രമേ ഡെങ്കിപ്പനിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഡിഎംഒ പറഞ്ഞു. അതേസമയം, ജില്ലയില്‍ സാധാരണ പനിബാധിതരുടെ എണ്ണം കൂടുകയാണ്.

ഈ മാസം ഇതുവരെ 6,429 പേര്‍ ചികിത്സ തേടി. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇതുവരെ 31 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഓഗസ്റ്റ് മാസത്തില്‍ 15,910 പേരാണ് പനി ബാധിച്ചു ചികിത്സ തേടിയത്.

മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ പനിബാധിതര്‍ എത്തിയത്. ഓഗസ്റ്റില്‍ 13 പേര്‍ക്കും സെപ്റ്റംബറില്‍ 18 പേര്‍ക്കും എലിപ്പനി സ്ഥിരീകരിച്ചു. ഈ മാസം 56 സംശയാസ്പദ കേസുകളുമുണ്ടായി. എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ സെപ്റ്റംബര്‍ 12ന് സര്‍വൈലന്‍സ് ദിനാചരണം നടത്തും.

ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ആശ/അങ്കണവാടി പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിക്കും. എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രതിരോധ ഗുളിക നല്‍കും.

കിണറുകള്‍ ക്ലോറിനേഷന്‍ നടത്തിയെന്ന് ഉറപ്പുവരുത്തും. വരുംനാളുകളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൊതുകിന്‍റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണ്.