പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഓഫീസ് ആറുലക്ഷത്തിരണ്ടായിരം രൂപയാണ് വാടകയിനത്തില്‍ പഞ്ചായത്തിന് നല്‍കാനുള്ളത്. വാടക കുടിശ്ശിക ഉടന്‍ നല്‍കണമെന്ന ഭരണസമിതിയുടെ നിര്‍ദ്ദേശപ്രകാരം സെക്രട്ടറി മധുസൂതനന്‍ ഉണ്ണിത്താല്‍ പി എഫ് ഓഫീസ് അധികാരികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 

ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന പി എഫ് ഓഫീസ് ഒഴിയാന്‍ നോട്ടീസ്. വാടക നല്‍കാത്തതും സേവനങ്ങള്‍ക്കായി ഓഫീസ് തുറക്കാത്തതുമാണ് അധികൃതരെ ചൊടിപ്പിച്ചത്. പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഓഫീസ് ആറുലക്ഷത്തിരണ്ടായിരം രൂപയാണ് വാടകയിനത്തില്‍ പഞ്ചായത്തിന് നല്‍കാനുള്ളത്. വാടക കുടിശ്ശിക ഉടന്‍ നല്‍കണമെന്ന ഭരണസമിതിയുടെ നിര്‍ദ്ദേശപ്രകാരം സെക്രട്ടറി മധുസൂതനന്‍ ഉണ്ണിത്താല്‍ പി എഫ് ഓഫീസ് അധികാരികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 

എന്നാല്‍ വാടക നല്‍കുന്നതിന് സവകാശം നല്‍കണമെന്ന് അധിക്യതര്‍ ആവശ്യപ്പെട്ടെങ്കിലും ഭരണസമിതി വഴങ്ങിയില്ല. തോട്ടംതൊഴിലാളികളുടെയടക്കം ആശ്രയമായ മൂന്നാറിലെ പി എഫ് ഓഫീസ് പലപ്പോഴും അടച്ചിട്ടതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമിയും ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാറും കഴിഞ്ഞ ദിവസം ഓഫീസിന് മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തു. 

പ്രവര്‍ത്തിദിവസങ്ങളില്‍ അധിക്യതര്‍ ഓഫീസ് അടച്ചിടുന്ന പ്രവണത തുടര്‍ന്നതോടെയാണ് പ്രസിഡന്റിന്‍റെ നേത്യത്വത്തില്‍ കെട്ടിടം ഒഴിയുവാന്‍ നോട്ടീസ് നല്‍കിത്. തൊഴിലാളികളുടെ സേവനത്തിനായി രണ്ട് കെട്ടിടങ്ങളാണ് പഞ്ചായത്ത് പി.എഫ് അധികൃതര്‍ക്ക് വിട്ടുനല്‍കിയിരിക്കുന്നത്. കെട്ടിടങ്ങള്‍ രണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ടാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തോട്ടംതൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ക്കായാണ് മൂന്നാറിലെ പഞ്ചായത്ത് ഓഫീസിന് സമീപത്ത് പി.എഫ് ഓഫീസ് ആരംഭിച്ചത്. കെട്ടിടം മാറുന്നതോടെ പി.എഫ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തൊഴിലാളികള്‍ക്ക് ദൂരദേശങ്ങളില്‍ പോകേണ്ടിവരും.