ധർമ്മശാസ്‌താ ക്ഷേത്ര പരിസരത്തും തീർഥാടന മേഖലയിലെ റോഡുകളിലും ടൺ കണക്കിനു മാലിന്യം കെട്ടിക്കിടക്കുകയാണ്. 

കോട്ടയം: ശുചീകരണത്തൊഴിലാളികളുടെ സമരത്തിൽ മാലിന്യക്കൂമ്പാരമായി എരുമേലി. 53 ദിവസത്തെ ശമ്പളം കുടിശ്ശികയായതോടെയാണ് തമിഴ്നാട്ടിൽ നിന്നുള്ള വിശുദ്ധിസേന തൊഴിലാളികൾ എരുമേലിയിൽ പണിമുടക്ക് തുടങ്ങിയത്. ട്രഷറി നിയന്ത്രണം കാരണം പണം പിൻവലിക്കാൻ പറ്റാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

53 ദിവസമായി ശമ്പളം കിട്ടാതായതോടെയാണ് എരുമേലിയിലെ 125 വിശുദ്ധിസേന അംഗങ്ങൾ സമരം തുടങ്ങിയത്. പ്രതിദിനം 450 രൂപയാണ് ഇവർക്കുള്ള കൂലി. ആദ്യഘട്ട ശമ്പളം 15 ദിവസത്തിന് ശേഷം നൽകുന്നതായിരുന്നു പതിവ്. പക്ഷേ ഇക്കുറി ദിവസമിത്രയായിട്ടും ചില്ലിക്കാശ് കിട്ടിയിട്ടില്ല. പലതവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയുമില്ലാതായപ്പോഴാണ് പണിമുടക്ക് തുടങ്ങിയത്. പണിമുടക്ക് തുടങ്ങിയതോടെ എരുമേലി ടൗണിലെ മാലിന്യനീക്കം നിലച്ചു. ധർമ്മശാസ്‌താ ക്ഷേത്ര പരിസരത്തും തീർഥാടന മേഖലയിലെ റോഡുകളിലും ടൺ കണക്കിനു മാലിന്യം കെട്ടിക്കിടക്കുകയാണ്. മഴ കൂടി പെയ്തതോടെ മാലിന്യം അടിഞ്ഞുകൂടി ഓടകളും അടഞ്ഞു.

ശമ്പളം ലഭിച്ചില്ലെങ്കിൽ ക്ഷേത്രത്തിനു മുന്നിൽ സമരം തുടങ്ങുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ശുചീകരണ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ദേവസ്വം ബോർഡ് കൈമാറിയ 2 കോടി രൂപ പത്തനംതിട്ട ജില്ലാ കലക്ടർക്ക് കിട്ടിയിട്ടുണ്ട്. ഇതിൽ 25 ലക്ഷമാണ് എരുമേലിയിലേക്ക് ആദ്യ ഘട്ട ശമ്പളം നൽകാൻ അനുവദിച്ചിട്ടുള്ളത്. ട്രഷറി നിയന്ത്രണമുള്ളതിനാൽ പണം പിൻവലിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിയെന്നാണ് അധികൃതരുടെ വിശദീകരണം. 

YouTube video player