തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷനിലെ ഡാറ്റാ എൻട്രി ജീവനക്കാർക്ക് ശമ്പളം കിട്ടാതായിട്ട് ഒരു വ‌ർഷത്തിലേറെ ആയി. കുടുംബശ്രീ ഐടി യൂണിറ്റ് വഴി താൽക്കാലികമായി ജോലിക്കെത്തിയ 23 പേർക്കാണ് ഇനിയും ശമ്പളം കിട്ടാത്തത്. എട്ട് ലക്ഷത്തോളം രൂപയ ഇവർക്ക് കിട്ടാനുണ്ട്.

2017 നവംബർ മുതൽ ആടുത്ത വർഷം ഓഗസ്റ്റ് വരെയാണ് ഇവർ കോർപ്പറേഷനിലെ ഡാറ്റാ എൻട്രി ജോലിക്കെത്തിയത്. ഏഴു മാസത്തിലേറെ സമ്പളം കിട്ടാനുണ്ട്. 400 രൂപയാണ് ദിവസ വേതനം. ഓരോരുത്തർക്കും നാൽപതിനായിരം രൂപയിലേറെ കിട്ടാനുണ്ട്. എല്ലാ വാതിലും മുട്ടിയെങ്കിലും ചെയ്ത ജോലിക്ക് കൂലി കിട്ടിയില്ലെന്ന് ഇവർ പറയുന്നു.

കുടുംബശ്രീ ഐടി യൂണിറ്റിലൂടെയുള്ള വേതന വിതരണത്തിൽ ക്രമക്കേടുകൾ ഉല്ളതായും ഇവർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചുണ്ടിക്കാട്ടി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും ജില്ലാ ലേബർ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം കരാർ കാലാവധിക്ക് ശേഷവും കുടുംബശ്രീ യൂണിറ്റിന് കീഴിൽ ഇവർ ജോലി തുടർന്നത് ഐടി യൂണിറ്റ് അറിയിച്ചില്ലെന്നാണ് കോർപ്പറേഷന്റെ പ്രതികരണം. ജോലിക്കെത്തിയവർക്ക് ഉടൻ തന്നെ വേതനം നൽകാനുള്ള നടപടികൾ തുടങ്ങുമെന്ന് കോർപ്പറേഷൻ വ്യക്തമാക്കി.