കോഴിക്കോട്: ശൗചാലയ സൗകര്യമില്ലാതെ ദുരിതമനുഭവിക്കുകയാണ് കോഴിക്കോട് ബീച്ച് പരിസരത്തെ നാല്‍പ്പതോളം കുടുംബങ്ങൾ. വർഷങ്ങൾക്ക് മുമ്പ് ശൗചാലയങ്ങൾ കടലെടുത്തുപോയതിന് ശേഷം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ. വൃത്തിയുളള ശൗചാലയം എന്ന ആവശ്യം കോര്‍പ്പറേഷന് മുന്നില്‍ പലവട്ടം ഉന്നയിച്ചിട്ടും പരിഹാരമായില്ലെന്നും നാട്ടുകാർ ആരോപിച്ചു.

വിസര്‍ജ്യ മുക്ത സംസ്ഥാനമെന്ന കേരളത്തിന്‍റെ പെരുമയ്ക്ക് നേരെ ചോദ്യങ്ങളുയര്‍ത്തുന്ന കാഴ്ചയാണ് ബീച്ചിൽ നിന്ന് പുറത്തുവരുന്നത്. ശൗചാലയങ്ങളില്ലാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് സന്ധ്യ മയങ്ങുന്നതും കാത്തിരിക്കുകയാണ് ഇവിടുത്തെ കുടുംബങ്ങള്‍. മതിയായ ശൗചാലയ സൗകര്യമില്ലാത്തതിനാൽ പ്രദേശത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടേയും സ്ഥിതിയാണ് ഏറെ ദയനീയം. പൊട്ടിപ്പൊളിഞ്ഞ ചില ശൗചാലയങ്ങള്‍ ചിലരെല്ലാം രാത്രി കാലങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. പകല്‍ മറ്റു വീടുകളാണ് ആശ്രയമെന്നും നാട്ടുകാർ പറയുന്നു. 

വീടുകള്‍ നിലനില്‍ക്കുന്നത് പുറമ്പോക്ക് ഭൂമിയിലായതിനാൽ ഇവിടെ ശൗചാലയം നിർമ്മിക്കുന്നതിന് തടസങ്ങളുണ്ടെന്നാണ് കോര്‍പറേഷന്‍റെ വീശദീകരണം. കടലില്‍ നിന്ന് 25 മീറ്ററിനുളളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ തീരദേശ പരിപാലന നിയമവും പ്രതിസന്ധിയാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.