തൃശൂര്‍ ഓഫീസിലാവട്ടെ 29 വര്‍ഷം പഴക്കമുള്ള എപ്പോള്‍ വേണമെങ്കിലും അപകടത്തിലായേക്കാവുന്ന വാഹനം ഉപയോഗിച്ചാണ് പരിശോധനകള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ പോകുന്നത്. 

തൃശൂര്‍: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ജാഗ്രതയോടെയും കാര്യക്ഷമമായും പ്രവര്‍ത്തിക്കേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വന്തം വാഹനങ്ങളില്ലാത്തതിനാല്‍ വലയുന്നു. അതേസമയം, മന്ത്രിമാര്‍ക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കും പുതിയ കാറുകള്‍ വാങ്ങാന്‍ നാല് വര്‍ഷത്തിനിടയില്‍ യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ചിലവിട്ടത് 10 കോടിയോളം രൂപയെന്നും വിവരാവകാശ രേഖ.

അടിയന്തരാവശ്യത്തിന് വാടകക്കെടുത്താണ് പല ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസുകളുടെയും പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. തൃശൂര്‍ ഓഫീസിലാവട്ടെ 29 വര്‍ഷം പഴക്കമുള്ള എപ്പോള്‍ വേണമെങ്കിലും അപകടത്തിലായേക്കാവുന്ന വാഹനം ഉപയോഗിച്ചാണ് പരിശോധനകള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ പോകുന്നത്.

നേര്‍ക്കാഴ്ച മനുഷ്യാവകാശ സമിതി സെക്രട്ടറി പി.ബി. സതീഷിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് വകുപ്പിന്‍റെ നിസഹായവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്. വാഹനാവശ്യത്തിന് സമീപിച്ചിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.

ഭക്ഷ്യവിഷബാധ തടയുന്നതിനും ഭക്ഷ്യോല്‍പ്പന്നങ്ങളിലെ വിഷവും മായവും കലര്‍ന്ന ഉല്‍പ്പന്നങ്ങള്‍ തടയുന്നതിനും പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗതികെട്ട് സ്വന്തം വാഹനത്തില്‍ ഇന്ധനച്ചിലവും വഹിച്ച് നെട്ടോട്ടമാണ് നടത്തുന്നതത്രെ. 

ആലപ്പുഴ, കൊല്ലം, മലപ്പുറം അസിസ്റ്റന്‍റ് ഫുഡ് സേഫ്ടി കമ്മീഷണര്‍ ഓഫീസുകളില്‍ സ്വന്തമായി വാഹനമില്ല. വയനാട് ജില്ല ഒഴികെ എല്ലാ ജില്ലകളിലും അടിയന്തര പരിശോധനയ്ക്കായി വാഹനങ്ങള്‍ വാടകയ്ക്ക് എടുത്താണ് ഉപയോഗിക്കുന്നത്. 29 വര്‍ഷത്തെ പഴക്കമുള്ള വാഹനമാണ് തൃശൂര്‍ ഫുഡ് സേഫ്ടി കമ്മീഷണറുടെ ഓഫീസിലുള്ളത്.

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ഏറ്റവും കാലപ്പഴക്കമുള്ള വാഹനവും ഇത് തന്നെ. കണ്ണൂര്‍, കാസര്‍കോട്,കോഴിക്കോട്, പാലക്കാട്, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളിലും പഴയതും തകരാര്‍ കൂടുതലുള്ളതുമായ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. സ്‌പെഷ്യല്‍ പരിശോധനകളിലൂടെ പിഴയിനത്തില്‍ മാത്രം ലക്ഷങ്ങള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് വരുമാനമുണ്ടാക്കുന്ന വകുപ്പിനാണ് തകരാറിലായ വാഹനം തള്ളിയും, വാടകക്കെടുത്തും ഉപയോഗിക്കാനുള്ള ദുര്‍ഗതി.

എന്നാല്‍, ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍, മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായി 25 ഇന്നോവ ക്രിസ്റ്റ, 10 ഓള്‍ട്ടിസ് കാറുകളും വാങ്ങിയത്. ടൂറിസം വകുപ്പിന്റെ കൈവശം ഉപയോഗക്ഷമമായ 23 കാറുകള്‍ ഉണ്ടെന്നിരിക്കെ സെക്രട്ടറിക്കും ഡയറക്ടര്‍ക്കും പുതിയ കാറുകള്‍ സര്‍ക്കാര്‍ വാങ്ങി.

ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ ഓടിയ തന്‍റെ കാര്‍ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മൊത്തത്തില്‍ കാറുകള്‍ മാറ്റാന്‍ 2017ല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 6.78 കോടിയാണ് ഇതിനായി ചിലവിട്ടത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാനകാലത്ത് 3.05 കോടി ചിലവിട്ട് വാങ്ങിയ 20 ടൊയോട്ട ഇന്നോവയും, മൂന്ന് ഓള്‍ട്ടീസുമായി 23 വാഹനങ്ങള്‍ മാറ്റിയാണ് 35 പുതിയ വാഹനങ്ങള്‍ വാങ്ങിയത്.

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് വാങ്ങിയതിലെ എട്ടെണ്ണം ടൂറിസം ഗാരേജിലാണ്. ആലുവ ഗസ്റ്റ് ഹൗസിലേക്ക് ആറെണ്ണം കൊടുത്തിട്ടുണ്ട്. മറ്റ് ഗസ്റ്റ് ഹൗസുകളിലേക്കും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.