പത്തനംതിട്ട: വീട്ടിലേക്ക് നടവഴി ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ആറന്മുളയിലെ ഒരു ഭിന്നശേഷിക്കാരനും കുടുംബവും. ആകെ ഉണ്ടായിരുന്ന വഴിയില്‍ വെള്ളക്കെട്ടായതോടെ വീടിന് പുറത്തേക്ക് പോകാന്‍ ഈ കുടുംബത്തിന് മറ്റ് മാര്‍ഗമില്ലാതായി.

ഷാജി നാരായണന് ആകെ ഉള്ളത് മൂന്ന് സെന്റ് ഭൂമിയില്‍ ഒരു വീടാണ്. വീട്ടില്‍ നോക്കിയാല്‍ കൈയെത്തും ദൂരത്ത് പൊതു വഴിയും കാണാം. പക്ഷെ ഈ കുടുംബത്തിലുള്ളവര്‍ക്ക് അവിടേക്ക് എത്തണമെങ്കില്‍ കഷ്ടപാടേറയാണ്. വീടിന് ചുറ്റും വെള്ളക്കെട്ടാണ്. പുറത്തേക്ക് പോകാന്‍ യാതൊരു മാര്‍ഗവുമില്ല. മുപ്പത് മീറ്റര്‍ അകലെയുള്ള വഴിയിലേക്ക് ഈ ഭിന്നശേഷിക്കാരന്‍ പോകുന്നത് അത്രയും പ്രയാസപ്പെട്ടാണ്.

മഴ പെയ്താല്‍ ഈ വഴിയും അടയും. പിന്നെ പുറം ലോകം കാണണമെങ്കില്‍ അടുത്തുള്ള പറന്പിലൂടെ കയറ്റവും ഇറക്കവും താണ്ടണം. നടവഴിയില്‍ മാത്രം ഓതുങ്ങുന്നില്ല വെള്ളക്കെട്ട് മൂലമുള്ള പ്രതിസന്ധി. പല തവണ ഗ്രാമസഭകളിലും പഞ്ചായത്തിലും പരാതി നല്‍കി. ഇതുവരെ നടപടിയുണ്ടായില്ല. സ്വന്തമായി വഴിയുണ്ടാക്കാനുള്ള സാന്പത്തിക ശേഷിയും ഈ കുടുംബത്തിനില്ല.