മദ്യപിക്കുന്നതിന് പണം നല്‍കിയില്ല, അന്യസംസ്ഥാന തൊഴിലാളികളുടെ വീടുതകര്‍ത്തു; ചേർത്തലയിൽ രണ്ടുപേര്‍ പിടിയില്‍
ചേര്‍ത്തല: മദ്യപിക്കുന്നതിനു പണം നല്‍കാത്തതിന്റെ പേരില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളെ വീട്ടില്‍കയറി അക്രമിച്ചു വീടുതകര്‍ത്ത സംഭവത്തില്‍ രണ്ടുപേരേ ചേര്‍ത്തല പോലീസ് അറസ്റ്റുചെയ്തു.നഗരസഭ പത്താം വാര്‍ഡ് മുറിവേലിച്ചിറവീട്ടില്‍ ദിനേശന്‍(42),കൊല്ലം പന്മന കുറവറയത്ത് നിലവില്‍ കടക്കരപ്പള്ളി 13-ാം വാര്‍ഡില്‍ വാടകക്കു താമസിക്കുന്ന നിസാംകുഞ്ഞ്(48)എന്നിവരാണ് പിടിയിലായത്.
അക്രമത്തില്‍ നാലുപേര്‍ക്കു പരിക്കേറ്റിരുന്നു.ഒറ്റപ്പുന്നക്കു സമീപം വാടകക്കു താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികള്‍ക്കു നേരെയായിരുന്നു ഇവരുടെ അക്രമം.കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു ഇവര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി അക്രമിച്ചത്.തലയ്ക്ക് അടക്കം പരിക്കേല്‍പിക്കുകയും വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്തു.അക്രമത്തില്‍ നാല് അതിഥി തൊഴിലാളികള്‍ക്കു പരിക്കേറ്റിരുന്നു.ചേര്‍ത്തല എസ്.ഐ. വി.ജെ.ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമികളെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
അതേസമയം, വയനാട്ടിൽ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. കേണിച്ചിറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന പൂതാടി മുണ്ടക്കല്‍ വീട്ടില്‍ കണ്ണായി എന്ന എംജി നിഖില്‍ (32) നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് ആറ് മാസത്തേക്ക് വയനാട് റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയത്.
നരഹത്യാ ശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ വിവിധ കേസുകളില്‍ പ്രതിയായ നിഖില്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിനും സമാധാനത്തിനും തടസം സ്യഷ്ടിക്കുന്ന വ്യക്തിയാണെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആണ് ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ റിമാന്‍ഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.
