ശുചിത്വമില്ല, മാലിന്യം കുമിഞ്ഞുകൂടി ദുര്‍ഗന്ധം; കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ കാന്റീന്‍ അടച്ചുപൂട്ടാന്‍ നോട്ടീസ്
നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം ജീവനക്കാർ കാന്റീനിൽ പരിശോധന നടത്തുകയായിരുന്നു.

കായംകുളം: ശുചിത്വം പാലിക്കാത്തതിനെ തുടർന്ന് കായംകുളത്തെ കെഎസ്ആർടിസി സ്റ്റാൻഡിലെ കാന്റീൻ അടച്ചുപൂട്ടാൻ നോട്ടീസ്. കായംകുളം നഗരസഭ ആരോഗ്യ വിഭാഗമാണ് നോട്ടീസ് നല്‍കിയത്. നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം ജീവനക്കാർ കാന്റീനിൽ പരിശോധന നടത്തുകയായിരുന്നു.
കാന്റീന് പിന്നിൽ ഭക്ഷണ മാലിന്യങ്ങൾ അടക്കം സംസ്കരിക്കാതെ സൂക്ഷിക്കുന്നതായി ആരോഗ്യ വിഭാഗം ജീവനക്കാർ പരിശോധനയിൽ കണ്ടെത്തി. പ്ലാസ്റ്റിക് കവറുകളിലും മറ്റുമായി ഭക്ഷണ അവശിഷ്ടങ്ങൾ സൂക്ഷിച്ചതു മൂലം പ്രദേശത്ത് അസഹനീയമായ ദുർഗന്ധമാണ് വമിക്കുന്നത്. പല തവണ മാലിന്യം സംസ്കരിക്കുന്നതിന് സജ്ജീകരണം ഒരുക്കണമെന്ന് നഗരസഭ രേഖാമൂലം അറിയിച്ചെങ്കിലും ഇത് പാലിക്കാൻ കാന്റീൻ നടത്തിപ്പുകാർ തയ്യാറായിരുന്നില്ലെന്ന് ആരോഗ്യ വിഭാഗം ജീവനക്കാർ പറയുന്നു.
നഗരസഭാ സെക്രട്ടറിക്ക് ഫോണില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാർ ഇവിടെയെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ സ്ഥാപനം പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും സ്ഥാപനം അടച്ചിടണമെന്നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിസാ മോൾ നോട്ടീസ് നല്‍കി. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയ ശേഷം, ബോധ്യപ്പെട്ടാൽ മാത്രം തുറന്നു പ്രവർത്തിച്ചാൽ മതിയെന്നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തമാക്കി. ഹെൽത്ത് സൂപ്പര്‍വൈസർ ശ്രീകുമാര്‍, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നിസമോൾ, അരുണിമ, ഷിബു, സുജാ ബി നായർ, ദീപ എന്നിവര്‍ അടങ്ങിയ സംഘമാണ് കാന്റീനിൽ പരിശോധന നടത്തിയത്.