സ്കൂൾ മാറ്റം അനുവദിച്ച് പ്രത്യേക ഉത്തരവ് നൽകണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 28നാണ് മന്ത്രിക്ക് നിവേദനം നൽകിയത്. എന്നാൽ നിവേദനം ഇതുവരെ പരിഗണിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് 4 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു.
പെരുമ്പാവൂർ: സീനിയർ വിദ്യാർഥികളുടെ മർദനത്തെ തുടർന്ന് പ്ലസ് വൺ പഠനം തുടരാനാകാതെ വിദ്യാർഥി. കൂവപ്പടി മാവേലിപ്പടി സ്വദേശി ഡിയോൺ ജോ ജോ (16) ആണ് ജൂലൈ 30 മുതൽ വീട്ടിൽ കഴിയുന്നത്. കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ഡിയോൺ. മർദനത്തിന് പിന്നാലെ മകൻ മാനസികമായി തകർന്നതിനാലാണ് സ്കൂളിൽ പോകാത്തതെന്ന് അമ്മ വി വിനി വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
സ്കൂൾ മാറ്റം അനുവദിച്ച് പ്രത്യേക ഉത്തരവ് നൽകണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 28നാണ് മന്ത്രിക്ക് നിവേദനം നൽകിയത്. എന്നാൽ നിവേദനം ഇതുവരെ പരിഗണിച്ചിട്ടില്ല. സ്കൂൾ മാറ്റത്തിനായി കീഴില്ലം സെന്റ് തോമസ് സ്കൂളിൽനിന്ന് എൻഒസി ലഭിച്ചിട്ടുണ്ട്. മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും ചേരാനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും സീറ്റ് ഒഴിവുണ്ട്. ഇവയിൽ ഏതെങ്കിലുമൊരു സ്കൂളിൽ തുടർ പഠനത്തിന് അവസരമൊരുക്കാൻ സർക്കാർ സ്പെഷൽ ഓർഡർ ഇറക്കണമെന്നാണ് ആവശ്യം.
സംഭവവുമായി ബന്ധപ്പെട്ട് കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് 4 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. പൊലീസ് ആന്റി റാഗിങ് സെക്ഷൻ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ ലഭിച്ച മർദന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 15 വിദ്യാർഥികൾക്കെതിരെ ആന്റി റാഗിങ് സെക്ഷൻ-04 ചുമത്തിയിട്ടുണ്ട്.


