ആലപ്പുഴ: ലോക്സഭ തെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി സൗദി അറേബ്യയില്‍ നിന്നെത്തിയ പ്രവാസി കുടുംബത്തെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ആലപ്പുഴ ബീച്ച് റോഡില്‍ സുലാല്‍ മന്‍സിലില്‍ സലീമും കുടുംബവുമാണ് വോട്ട് ചെയ്യാനായി നാട്ടിലെത്തിയത്.

സലീമിന്റെയും കുടുംബത്തിന്റെയും സമ്മതിദാനം നിവഹിക്കാനുള്ള മനസ് തികച്ചും മാതൃകാപരമാണെന്നും മറ്റുള്ള പ്രവാസികളും തെഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഇത്തരത്തില്‍ മുന്നോട്ട് വരണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സൗദി അറേബ്യയില്‍ റിയാദിനടുത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന സലീം കഴിഞ്ഞ 35 വര്‍ഷമായി പ്രവാസിയാണ്.  

ഇതിനിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മിക്കവാറും  കുടുംബത്തോടൊപ്പം നാട്ടിലെത്തി വോട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും കളക്ടറുടെ സന്ദര്‍ശനം തങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണെന്നും സലീമും കുടുംബവും പറഞ്ഞു. മക്കളും മരുമക്കളും അടക്കം എട്ടു പേരാണ് വോട്ട് ചെയ്യാനായി നാട്ടിലെത്തിയിരിക്കുന്നത്.