കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് 124 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 624 ആയി. വാളാട് കേസുമായി സമ്പര്‍ക്കത്തിലുള്ള 101 പേരാണ് ഇന്ന് പോസിറ്റീവ് പട്ടികയിലേക്ക് മാറിയത്. 

ബാക്കിയുള്ള കണക്കുകള്‍ ഇപ്രകാരം: മൂളിത്തോട്- രണ്ട്, കെല്ലൂര്‍ -എട്ട്, പയ്യമ്പള്ളി -മൂന്ന്, കോട്ടത്തറ -ഒന്ന്, പനമരം -ഒന്ന്, ഏച്ചോം -രണ്ട്, തൃശൂര്‍ -രണ്ട്, ആലാറ്റില്‍ -ഒന്ന്, നല്ലൂര്‍നാട് -രണ്ട്, കുഞ്ഞോം - ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 19 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 313 പേരാണ് ജില്ലയില്‍ രോഗമുക്തരായത്. നിലവില്‍ 310 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 249 പേര്‍ നിരീക്ഷണത്തിലായി. 

ആകെ നിരീക്ഷണത്തിലുള്ളവരുടെ ഇതോടെ 2753 ആയി. ഇതില്‍ 309 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1437 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 20,229 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. അതേ സമയം വയനാടിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ജില്ലയുടെ വടക്കന്‍ മേഖലകളില്‍ നിതാന്ത ജാഗ്രത തുടരാനാണ് ആലോചന. സമ്പര്‍ക്ക രോഗികള്‍ കൂടുതലും ഇവിടെ നിന്നുള്ളവരാണെന്നതിനാല്‍ നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിച്ചേക്കും.