ആലപ്പുഴ: സ്വന്തമായി ഭുമിയും ആധാരവും കൈവശമുണ്ടായിട്ടും മുന്‍ അസ്സിസ്റ്റൻറ് വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ അറുനൂറോളം കുടുംബങ്ങള്‍ റവന്യു രേഖകളില്‍ പുറംപോക്കിലുള്‍പ്പെട്ടതായി പരാതി. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൈവശാവകാശ രേഖകള്‍ക്കായി വില്ലേജ് ഓഫീസിനെ സമീപിച്ചപ്പോഴാണ് കരം അടയ്ക്കുന്ന ഭൂമിപോലും പുറംപോക്കിലാണെന്ന വിവരം ഗുണഭോക്താക്കള്‍ അറിയുന്നത്. 

റവന്യു രേഖകളില്‍ മുന്‍വില്ലേജ് ഉദ്യോഗസ്ഥരുടെ പിഴവാണ് കുടുംബങ്ങള്‍ പെരുവഴിയിലായതിന് കാരണം. 2010-11 വരെ ഗുണഭോക്താക്കള്‍ കൃത്യമായി കരം അടച്ചിരുന്നു. റീസര്‍വ്വേയുടെ മുന്നോടിയായി ഫയർ വാല്യു തിട്ടപ്പെടുത്താന്‍  സ്ഥലം നേരിട്ടെത്തി പരിശോധിക്കാതെ ഓഫീസിലിരുന്ന് രേഖകള്‍ തയ്യാറാക്കിയതാണ് ഉടമകള്‍ക്ക് തിരിച്ചടിയായതെന്നാണ് അനുമാനം.  

വീട് നിര്‍മ്മാണം മുതല്‍ വിദ്യാഭ്യാസ ആവശ്യത്തിനുള്ള വായ്പ വരെ റവന്യു രേഖകളിലെ പിഴവില്‍ കുടുങ്ങിയ സ്ഥിതിയാണ് നിലവിലുള്ളത്. നൂറ്റാണ്ടുകളായി പുരയിടമായി കിടക്കുന്ന വസ്തുക്കള്‍ പോലും കരം തീരുവ രസീതില്‍ നിലമെന്നായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് കരം അടച്ച ഭൂമിപോലും പുറംപോക്കിലേക്ക് മാറിയത്.

കുട്ടനാട് റീസര്‍വ്വേ അസോസിയേഷന്‍റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, റവന്യു  മന്ത്രി, കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. നേരത്തെ അസോസിയേഷന്‍റെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ റീസര്‍വ്വേ നടക്കാത്ത എടത്വാ, പുളിങ്കുന്ന്, വെളിയനാട് പഞ്ചായത്തിലെ റീസര്‍വ്വേ നടപടി ആരംഭിച്ചെങ്കിലും പാതിവഴിയില്‍ മുടങ്ങിയിരുന്നു. റീസര്‍വ്വേ നടക്കാത്തതുകാരണം വീടോ, സ്ഥാപനങ്ങളോ നിര്‍മ്മിച്ചാല്‍ വീട്ടുനമ്പര്‍ ഇട്ട് കിട്ടാത്ത അവസ്ഥയാണ് നേരിടുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.