ചെങ്ങന്നൂർ: കുഞ്ഞൻ അട്ടകൾ പെരുകിയതോടെ പൊറുതി മുട്ടിയിരിക്കുകയാണ് ചെങ്ങന്നൂർ പെരുങ്കുളം നിവാസികൾ. ചെങ്ങന്നൂർ നഗരസഭയിലെ ടൗൺ വാർഡിൽ ഉൾപ്പെട്ട അറുപതിലധികം കുടുംബങ്ങളാണ് അട്ടശല്യം കൊണ്ട് ബുദ്ധിമുട്ടുന്നത്.

40 വർഷത്തിലധികമായി ചെങ്ങന്നൂർ നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമാണ് പെരുങ്കുളം പാടം. ഈ പാടത്തിന് ചുറ്റും താമസിക്കുന്നവരാണ് അട്ടശല്യം കാരണം ബുദ്ധിമുട്ടുന്നത്. പാടത്തെ മാലിന്യക്കൂന്പാരത്തിൽ നിന്ന് പുറത്തെത്തുന്ന കുഞ്ഞൻ അട്ടകൾ നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.

പറന്പിലും മുറ്റത്തും മതിലിലുമെല്ലാം കുഞ്ഞൻ അട്ടകളാണ്. ജലസ്രോതസുകളും അട്ടകളാൽ മലിനമാവുകയാണ്. ബ്ലീച്ചിംങ് പൗഡർ ഇട്ടും ഉപ്പുലായനി തളിച്ചും അട്ടകളെ തുരത്താൻ നോക്കിയെങ്കിലും രക്ഷയില്ലെന്ന് നഗരസഭാ കൗൺസിലർ ശ്രീദേവി ബാലകൃഷ്ണൻ പറഞ്ഞു.

അമ്മിയിൽ എന്തെങ്കിലും അരയ്ക്കാൻ പെരുങ്കുളത്തുകാർക്ക് പേടിയാണ്. ചൂട് വെള്ളം ഒഴിക്കുമ്പോൾ അൽപമൊന്ന് കുറയുമെങ്കിലും ശല്യം സഹിക്കാനാവാത്തത്രയാണെന്ന് നാട്ടുകാരനായ സന്തോഷ് കുമാർ പറഞ്ഞു. കുളയട്ടകളെപ്പോലെ മനുഷ്യനെ ഉപദ്രവിക്കുന്നവയല്ല ഇവയെന്നത് മാത്രമാണ് ഏക ആശ്വാസം. പരിഹാരം കാണാനാകാതെ കുഴങ്ങുകയാണ് നഗരസഭയും.