മലപ്പുറം: കല്യാണത്തിന് ലീവെടുക്കുന്നതൊക്കെ സാധാരണ കാര്യമാണ്. എന്നാല്‍ കൊറോണക്കാലത്ത് ലീവെടുക്കുന്നത് പോയിട്ട് കല്യാണം കഴിക്കുന്നതുതന്നെ വലിയ പാടായിരിക്കും. അതും ഒരു ആരോഗ്യപ്രവര്‍ത്തകയാകുമ്‌പോള്‍! സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ മലപ്പുറം മേലാറ്റൂര്‍ സ്വദേശി ദീപ്തി ഇന്നലെ ലീവെടുത്തു. ഒരു ദിവസത്തേക്ക് മാത്രം. ആവശ്യം സ്വന്തം വിവാഹം തന്നെ. 

അലങ്കാരങ്ങളോ ആര്‍ഭാടങ്ങളോ ഇല്ല, വരന്‍ മുല്ലപ്പൂമാലകൊണ്ട് അലങ്കരിച്ച കാറില്‍ വന്നിറങ്ങിയതുമില്ല. എന്നാല്‍ മഞ്ചേരി ചെട്ടിയങ്ങാടി സ്വദേശിയ സുധീപ് രാവിലെ ദീപ്തിയ്ക്ക് വരണമാല്യമണിയിക്കാന്‍ എത്തിയത് ബൈക്കിലായിരുന്നു. കെറോണ പടരുന്നതിന് മുമ്പേ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. എന്നാല്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞതോടെ ഇവരുടെ വിവാഹം വെറും ചടങ്ങില്‍ മാത്രമൊതുക്കുകയായിരുന്നു. 

രാവിലെ വീട്ടിലെത്തി സുദീപ് ദീപ്തിക്ക് തുളസിമാലയണിയിച്ചു. വിവാഹം കഴിഞ്ഞു, അത്രതന്നെ. ഇങ്ങനെയും വിവാഹം നടത്താമെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ദീപ്തിക്ക് ഉടന്‍ ആശുപത്രിയില്‍ തിരിച്ചെത്തുകയും വേണമായിരുന്നു. വേങ്ങരയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് സുധീപ്.