കാസർകോട് കുറ്റിക്കോൽ സ്വദേശി പ്രിയാകുമാരിയാണ് പത്ത് സെന്റ് ഭൂമി സർക്കാറിന് കൈമാറിയത്.
കാസർകോട്: പ്രളയ ദുരിത ബാധിതരുടെ കണ്ണീരൊപ്പാൻ സ്വന്തം ഭൂമിയുടെ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകി നഴ്സിംഗ് ജീവനക്കാരി. കാസർകോട് കുറ്റിക്കോൽ സ്വദേശി പ്രിയാകുമാരിയാണ് പത്ത് സെന്റ് ഭൂമി സർക്കാറിന് കൈമാറിയത്.
മൂളിയാർ പഞ്ചായത്തിലെ പാലിയേറ്റീവ് നഴ്സാണ് പ്രിയാകുമാരി. സഹജീവികളുടെ വേദന നന്നായി അറിയാവുന്ന പ്രിയാകുമാരി തന്റെ ഭൂമിയിലെ ഒരു പങ്ക് പ്രളയത്തിലും മഴക്കെടുതിയിലും എല്ലാം നഷ്ടപ്പെട്ടവർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.
വൈദ്യുതി വകുപ്പിൽ ലൈൻമാനായി ജോലിനോക്കുന്ന ഭർത്താവ് രവീന്ദ്രൻ പ്രിയാകുമാരിയുടെ തീരുമാനത്തിന് പൂർണ പിന്തുണയും നൽകി. പ്രിയാകുമാരി കളക്ടറേറ്റിൽ നേരിട്ടെത്തിയാണ് ഭൂമിയുടെ രേഖകൾ കൈമാറിയത്.
കുടുംബ സ്വത്തായി കിട്ടിയ 92 സെന്റ് ഭൂമിയിൽ നിന്നും പത്ത് സെന്റാണ് കൈമാറിയത്. ഭൂമി സർക്കാർ തന്നെ അർഹതപ്പെട്ടവർക്ക് നൽകട്ടെയെന്ന് പ്രിയാകുമാരി പറഞ്ഞു.
